തൃശ്ശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ സെമസ്റ്റര്‍ ഫീസ് കുത്തനെ ഉയര്‍ത്തി. പിഎച്ച്ഡി, പിജി, ഡിഗ്രി വിദ്യാര്‍ഥികളുടെ ഫീസുകള്‍ വന്‍ തോതില്‍ വര്‍ധിപ്പിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാനാണ് ഫീസ് വര്‍ധനയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ ഫീസ് 18780 എന്നത് 49990 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. പി.ജി വിദ്യാര്‍ഥികളുടേത് 17845 എന്നത് 49500 ആയും ഉയര്‍ത്തി. ഡിഗ്രി വിദ്യാര്‍ഥികളുടെ ഫീസ് നിലവില്‍ 12000 ആണ്. ഇത് 48000 രൂപ ആയാണ് ഉയര്‍ത്താന്‍ പോകുന്നത്.
വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് സര്‍വകലാശാല എക്‌സിക്യൂട്ടീവുമായി ചര്‍ച്ച ചെയ്ത് മാത്രമേ ഫീസ് വര്‍ധിപ്പിക്കുകയുള്ളൂ എന്ന സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നതാണ്. ഈ ഉറപ്പ് പാലിക്കാതെയാണ് ഓണ അവധിക്ക് തൊട്ടുമുന്‍പ് ഫീസ് കുത്തനെ ഉയര്‍ത്തിയത്. ഇരട്ടിയിലേറെ ഫീസ് ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത് താങ്ങാന്‍ പറ്റില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. മൂന്നാം തിയതിയാണ് ഫീസ് വര്‍ധന സംബന്ധിച്ച ഉത്തരവിറക്കിയത്.