ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൂന്ന് രാജ്യങ്ങൾക്കും സമ്പദ് സമൃദ്ധി നേരുന്നുവെന്നും ട്രംപ് പരിഹസിച്ചു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്റെ ഈ പ്രതികരണം.
‘ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നരേന്ദ്ര മോദി, പുടിൻ, ഷീ ജിൻപിംഗ് എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ടിയാൻജിൻ എസ്സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉൾപ്പെടെ നിരവധി ലോക നേതാക്കൾ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർഷങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലാണ്.