Headlines

ആഗോള അയ്യപ്പ സംഗമം: സഹകരിക്കുന്നതില്‍ യുഡിഎഫ് തീരുമാനം ഇന്ന്

ആഗോള അയ്യപ്പ സംഗമത്തില്‍ സഹകരിക്കുന്നതില്‍ യുഡിഎഫ് തീരുമാനം ഇന്ന്. വൈകിട്ട് ഏഴുമണിക്കാണ് മുന്നണി നേതാക്കളുടെ യോഗത്തിലായിരിക്കും തീരുമാനം. പ്രതിപക്ഷ നേതാവിനെ ദേവസ്വം പ്രസിഡന്റ് ഇന്ന് കാണും. അയ്യപ്പ സംഗമത്തിന് നേരിട്ട് ക്ഷണിക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നേരത്തെ നല്‍കിയിരുന്നു.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ പ്രബല സാമുദായിക സംഘടനകള്‍ അനുകൂലിച്ചെങ്കിലും വിവാദങ്ങളും വിമര്‍ശനങ്ങളും കടുത്തതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിരോധത്തിലാണ്. ഏറ്റവും ഒടുവിലായി ആഗോള അയ്യപ്പ സംഗമത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി പന്തളം കൊട്ടാരവും രംഗത്തെത്തി.

2018- ലെ യുവതീ പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നതും ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യവുമാണ് സര്‍ക്കാരിന് വിലങ്ങുതടിയാകുന്നത്.

അതേസമയം സെപ്റ്റംബര്‍ 20ന് പമ്പ നദീതീരത്ത് നടക്കുന്ന അയ്യപ്പ സേവാ സംഗമത്തിലെ സംഘാടനത്തിലും ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നാണ് സൂചന. സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഓണാവധിക്ക് ശേഷം പരിഗണിക്കും.ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയാണ് സെപ്റ്റംബര്‍ ഒമ്പതിലേക്ക് മാറ്റിയത്. ഓണാവധിക്കു ശേഷം കോടതി ചേരുമ്പോള്‍ ദേവസ്വം ബെഞ്ച് ഹര്‍ജി പരിഗണിക്കും.