Headlines

‘ഉമർ ഖാലിദ് വർഗീയ സ്വഭാവമുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി’; ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. ഉമർ ഖാലിദ് വർഗീയ സ്വഭാവമുള്ള പ്രകോപനകരമായ പ്രസംഗങ്ങൾ നടത്തി. ഇത് പ്രഥമ ദൃഷ്ട്യ ഗുരുതരം എന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. ജയിൽവാസവും വിചാരണ വൈകുന്നതും എല്ലാ കേസുകളിലും ജാമ്യത്തിന് കാരണമല്ലെന്നും കോടതി വിധിയിൽ പറയുന്നു

ഒരു പ്രത്യേക മത വിഭാഗം കൂടുതലായുള്ള ഇടങ്ങളിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. വർഗീയമായി ഒരു വിഭാഗത്തെ സംഘടിപ്പിക്കാൻ ശ്രമം നടത്തി. ഇത്തരം ജാമ്യാ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുമ്പോൾ സാമൂഹിക താൽപര്യം പരിഗണിക്കേണ്ടതുണ്ട്. പ്രതിഷേധിക്കാനുള്ള അനിയന്ത്രിത അവകാശം ഭരണഘടന ചട്ടക്കൂടിനെ തകർക്കും. രാജ്യത്തെ ക്രമസമാധാന നിലയെ ഇത് ബാധിക്കും. പൗരന്മാരുടെ പ്രതിഷേധത്തിന്റെ മറവിൽ അക്രമ ഗൂഢാലോചന അനുവദിക്കാൻ ആവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അഞ്ചു വർഷം ജാമ്യമില്ലാതെ ഉമർഖാലിദ് ഉൾപ്പെടെയുള്ളവർ വിചാരണ തടവുകാരായി തിഹാർ ജയിലിൽ തുടരുകയാണ്. ഉമറിനെ കൂടാതെ ഗുൽഫിഷ ഫാത്തിമ, അത്താർ ഖാൻ, ഖാലിദ് സൈഫി, മുഹമ്മദ് സലീം ഖാൻ, ഷിഫാഉർ റഹ്മാൻ, മീരാൻ ഹൈദർ, ഷദാബ് അഹ്മദ് എന്നിവരാണ് ജാമ്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. 2020 സെപ്റ്റംബർ 14നാണ് ഉമർഖാലിദ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ 2014 ഡിസംബർ 28 മുതൽ ജനുവരി 3 വരെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.