Headlines

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം; പൂവിളികളുടെ പത്താം നാൾ തിരുവോണം

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തുനാൾ മലയാളിയുടെ മനസിലും വീടുകളിലും പൂവിളിയുടെ ആരവമുയരുകയാണ്. അത്തം പിറന്നാൽ പിന്നെ ഓരോ ദിവസവും തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ്.

ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുടെ കാലം കൂടിയാണിത്. തിരക്കുപിടിച്ചോടുന്ന ഇന്നത്തെ തലമുറയ്ക്ക് പണ്ടത്തെ കാഴ്ചകൾ അന്യമാണ്.വീടിൻറെ മുറ്റത്ത് ചാണകം മെഴുകി പൂത്തറ ഉണ്ടാക്കി പൂവിട്ടിരുന്ന കാലം. പച്ചപ്പാർന്നപാടവും നെൽക്കതിരും പാടത്തിലൂടെ പൂത്തേടി അലയുന്ന കുഞ്ഞു കുട്ടികളും. പക്ഷേ ഇന്നിപ്പോൾ നാടൻ പൂക്കളെക്കാൾ ഇറക്കുമതി പൂക്കൾ ആണ് സ്ഥാനം പിടിക്കുന്നത്.പൂത്തേടിയുള്ള അലച്ചിലില്ല വളരെ പെട്ടെന്ന് പൂക്കളം തീർക്കാൻ പറ്റും എന്നത് മറ്റൊരു കാര്യം.

കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്‍ക്ക് ഇനിയുള്ള നാളുകളില്‍ ഡിസൈനുകളാകും. ചിങ്ങത്തിലെ അത്തം നാളില്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാള്‍ വരെ നീണ്ടു നില്‍ക്കും. ഓണക്കോടി വാങ്ങിയും സദ്യ ഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള്‍ ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്.