‘സിപിഐഎം കോഴിഫാം’ ക്ലിഫ് ഹൗസിന് മുന്നിൽ ബാനർ പതിപ്പിച്ച് യൂത്ത് കോൺഗ്രസ് മാർച്ച്

‘സിപിഎം കോഴിഫാം’ എന്ന ബാനർ ക്ലിഫ് ഹൗസിന് മുന്നിൽ പതിച്ച് യൂത്ത് കോണ്‍ഗ്രസ്‌. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ ക്ലിഫ് ഹൗസ് മാർച്ച് നടന്നത്. ഇന്ന് രാവിലെ പോസ്റ്റർ പതിപ്പിച്ച ശേഷമായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ സംയുക്തമായാണ് പ്രതിഷേധിച്ചത്.

ക്ലിഫ് ഹൗസിനെ കോഴി ഫാം എന്ന് എഴുതിയ പോസ്റ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം മുകേഷ്, ഗണേഷ് കുമാർ, കടകംപള്ളി സുരേന്ദ്രൻ, എ കെ ശശീന്ദ്രൻ, തോമസ് ഐസക്ക്, പി ശശി എന്നിവരുടെ ചിത്രങ്ങൾ പതിപ്പിച്ചാണ് പോസ്റ്റർ പ്രതിഷേധം. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.

പൊലീസും പ്രവർത്തകരും തമ്മിൽ കെയ്യേറ്റമുണ്ടായി. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ എസ്എഫ്ഐ കഴിഞ്ഞ ദിവസം പോസ്റ്റർ പതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസിൽ യൂത്ത് കോണ്‍ഗ്രസ്‌ പ്രവർത്തകർ പോസ്റ്റർ പതിച്ചത്.