‘സസ്‌പെന്‍ഷന്‍ നടപടി അഡ്ജസ്റ്റ്‌മെന്റ്, രാഹുല്‍ ഭീഷണിപ്പെടുത്തി, നേതാക്കള്‍ ഭയപ്പെട്ടു’; മന്ത്രി വി ശിവന്‍കുട്ടി

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഷന്‍ ചെയ്തത് ശിക്ഷയായി കാണാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കില്‍ ന്യായമായ നടപടിയായി വിലയിരുത്താം. നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള അഡ്ജസ്റ്റ്മെന്‍റ് മാത്രമാണിതെന്ന് ശിവന്‍കുട്ടി പറഞ്ഞു.

നടപടിയിലേക്ക് പോകുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ രാഹുല്‍ നേതാക്കളെ ഭീഷണിപ്പെടുത്തിയെന്നും അതോടെ നേതാക്കള്‍ ഭയപ്പെട്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. സസ്‌പെന്‍ഷന്‍ ശിക്ഷയാണെന്ന് പറയാന്‍ പറ്റില്ല. രാഹുല്‍ മാങ്കൂട്ടം ഉള്‍പ്പെടുന്ന ക്രിമിനല്‍ സിന്‍ഡിക്കേറ്റാണ് സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തുന്നത്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മാതൃക ആക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. പാലക്കാട് ഇനി മത്സരിച്ചാല്‍ കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്ന് കോണ്‍ഗ്രസിന് മനസ്സിലായെന്നും ശിവന്‍കുട്ടി പറഞ്ഞു.