‘ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിലും ബാലാവകാശ കമ്മിഷനിലും പരാതി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി. ഗര്‍ഭഛിത്രം നടത്തി എന്നാണ് പരാതി. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയിരിക്കുന്നത്.രാഹുലിന് കൂടുതല്‍ കുരുക്കായാണ് ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചെന്ന ശബ്ദ സന്ദേശത്തില്‍
അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

ആരോപണങ്ങളില്‍ പുകഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ആരോപണങ്ങള്‍ നിഷേധിച്ചും പരാതിക്കാരെ വെല്ലുവിളിച്ചും രാഹുല്‍ പ്രതിരോധിച്ചു. രാജി വെച്ചില്ലെങ്കില്‍ സ്ഥാനത്ത് നിന്ന് നീക്കുമെന്ന ഹൈക്കമാന്‍ഡ് നിലപാടോടെ വി ഡി സതീശനും സംസ്ഥാന നേതൃത്വവും കൈവിട്ടു.

ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യം ഉയരുകയാണ്. ഇടത് യുവജന സംഘടനകളും ബിജെപിയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സ്ത്രീ സംരക്ഷകരായി രംഗ പ്രവേശം ചെയ്യുന്നവര്‍ എവിടെയെന്ന് ഡിവൈഎഫ്‌ഐ ചോദിച്ചു. ബുദ്ധിമുട്ട് തുറന്നുപറയുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാഹുലിനെ സംരക്ഷിക്കുന്നത് വി ഡി സതീശനെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.