Headlines

പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ച സംഭവം: പ്രധാനാധ്യാപകന് സ്ഥലംമാറ്റം

കാസര്‍ഗോഡ് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ച പ്രധാനാധ്യാപകന് സ്ഥലംമാറ്റം. ഹെഡ്മാസ്റ്റര്‍ എം അശോകനെ കടമ്പാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.

ഈ മാസം 11ന് സ്‌കൂള്‍ അസംബ്ലിക്കിടെ കാല്‍ കൊണ്ട് ചരല്‍ നീക്കി കളിച്ചതിനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് കൃഷ്ണയെ ഹെഡ്മാസ്റ്റര്‍ എം അശോകന്‍ കരണത്തടിച്ചത്. പരിശോധനയില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടിയതായി കണ്ടെത്തി. രക്ഷിതാക്കള്‍ ബേഡകം പോലീസില്‍ പരാതി നല്‍കി. 24 വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എം അശോകനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നു. ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഇതോടെയാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറെ സംഭവമന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തിയത്.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മധുസൂദനന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. എന്നാല്‍ രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ഇതുവരെ അറസ്റ്റിന് മുതിര്‍ന്നിട്ടില്ല.