മകൻ സിനിമയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു,അനുഗ്രഹം വേണം’; ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ ഷാരൂഖ് ഖാൻ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭത്തിന് പിന്തുണയുമായി രംഗത്തെത്തി. ആര്യൻ സംവിധാനം ചെയ്ത വെബ് സീരീസായ ‘ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ’ ട്രെയിലർ ലോഞ്ചിൽ ഭാര്യ ഗൗരി ഖാനോടൊപ്പം പങ്കെടുത്ത ഷാരൂഖ് വികാരനിർഭരമായാണ് സംസാരിച്ചത്.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ മുന്നിൽ വെച്ച് ഷാരൂഖ് തന്റെ മകനെക്കുറിച്ച് സംസാരിച്ചു. “ഈ പുണ്യഭൂമി എന്നെ 30 വർഷം നിലനിൽക്കാൻ അനുവദിച്ചു. ഇന്ന് എന്റെ മകൻ അവന്റെ ആദ്യ ചുവടുവെപ്പ് നടത്തുകയാണ്. അവൻ വളരെ നല്ല കുട്ടിയാണ്. അവന്റെ വർക്ക് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ അവനെ പ്രോത്സാഹിപ്പിക്കുക. എനിക്ക് തന്ന സ്നേഹത്തിന്റെ 150% അവന് നൽകണം,” എന്നും ഷാരൂഖ് പ്രേക്ഷകരോട് പറഞ്ഞു.

അതേസമയം തൻ്റെ ആദ്യ സംരംഭത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആര്യൻ ഖാൻ അൽപ്പം പരിഭ്രാന്തനായിരുന്നു. “ഞാൻ വളരെ പരിഭ്രാന്തിയിലാണ്. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, ദയവായി എന്നോട് ക്ഷമിക്കണം. ഇത് ആദ്യമായാണ് ഞാൻ ഇവിടെ. കഴിഞ്ഞ രണ്ട് പകലും മൂന്ന് രാത്രിയുമായി ഞാൻ ഈ പ്രസംഗം പ്രാക്ടീസ് ചെയ്യുകയാണ്,” ആര്യൻ പറഞ്ഞു.

ബോബി ഡിയോൾ, ലക്ഷ്യ, സഹേർ ബംബ, മനോജ് പഹ്‌വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയൽ, അന്യ സിംഗ്, വിജയ്ന്ത് കോഹ്‌ലി, രജത് ബേദി, ഗൗതമി കപൂർ എന്നിവർ ഈ സീരീസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റ് നിർമ്മിക്കുന്ന ‘ദി ബാഡ്സ് ഓഫ് ബോളിവുഡ്’ അടുത്ത മാസം 18നാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്.