Headlines

മറുപടി പറയേണ്ടത് പാര്‍ട്ടി’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ബിന്ദു കൃഷ്ണ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിന്ദുകൃഷ്ണ. നിലപാട് പാര്‍ട്ടിയെ ആറിയിച്ചിട്ടുണ്ട്. മറുപടി പറയേണ്ടത് പാർട്ടിയാണ്. തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി പറഞ്ഞ ഒരു പെൺകുട്ടികൾക്കും നേരെ സൈബർ ആക്രമണം ഉണ്ടാകരുത്.
എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതും യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുന്നതും തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേർത്തു.

അതേസമയം അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനോട് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവുവിന്റെതാണ് നടപടി. അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ടിരുന്നു. പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്.

യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്‌കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചർച്ച നടന്നു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണമെന്നാണ് ചർച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പിൽ വനിതാ നേതാവ് സന്ദേശമയച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും യൂത്ത് കോൺഗ്രസ് നേതാവ് സ്‌നേഹ ഹരിപ്പാട് വാട്‌സാപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടിരുന്നു.ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ സ്പീക്കർക്ക് പരാതി.

കേരള കർഷക കോൺഗ്രസ് നേതാവ് എ എച്ച് ഹഫീസ് ആണ് സ്പീക്കർക്ക് പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന് വന്നിട്ടുള്ള സദാചാരവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് നിയമസഭയുടെ എത്തിക്സ് കമ്മറ്റിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പരാതി.നിയമനടപടികൾ കൈകൊണ്ട് നാട്ടിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.