Headlines

അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍; അപാകതയൊന്നും കാണുന്നില്ലെന്ന് ശശി തരൂര്‍

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബില്ലില്‍ താന്‍ തെറ്റ് കാണുന്നില്ലെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ശശി തരൂര്‍ പറഞ്ഞു. ബില്ലിനെ കോണ്‍ഗ്രസ് തുറന്നെതിര്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി വീണ്ടും അഭിപ്രായ പ്രകടനവുമായി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയതിന് ശേഷമാണ് വീണ്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാട് തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. 30 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് മന്ത്രി സ്ഥാനത്ത് തുടരാനാകുമോ എന്നും ഇത് സാമാന്യയുക്തിയല്ലേ എന്നുമാണ് തരൂര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചത്. ബില്ലില്‍ എന്താണ് അപാകതയെന്നും ശശി തരൂര്‍ ചോദിച്ചു. പൈശാചികമെന്നും കാടത്ത ബില്ലെന്നും പ്രിയങ്കാ ഗാന്ധിയും കെ സി വേണുഗോപാലും ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ച ബില്ലിനാണ് ശശി തരൂര്‍ പിന്തുണ അറിയിച്ചിരിക്കുന്നത്.

ഒരുമാസത്തിലധികം കസ്റ്റഡിയിലായാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനംനഷ്ടമാകുമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതില്‍ തടസമില്ല.