സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ഉന്നത സിപിഐഎം നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ഡോ. ടി എം തോമസ് ഐസക്, എം ബി രാജേഷ്, പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പരാതിക്കത്തിലുള്ളത്. തോമസ് ഐസക്കിന്റേയും മന്ത്രി എം ബി രാജേഷിന്റേയും പി ശ്രീരാമകൃഷ്ണന്റേയും ബിനാമിയാണ് താനെന്ന് ബ്രിട്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ അവകാശപ്പെട്ടതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2023ല്‍ ഷര്‍ഷാദ് പൊലീസിന് സമര്‍പ്പിച്ച പരാതിയിലാണ് മന്ത്രിമാരുടെ ഉള്‍പ്പെടെ പേരുള്ളത്. സാമ്പത്തിക കുറ്റങ്ങളിലുള്‍പ്പെടെ ആരോപണവിധേയനായ രാജേഷ് കൃഷ്ണയുമായി സിപിഐഎം നേതാക്കള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് പൊലീസോ പാര്‍ട്ടിയോ കൃത്യമായി പ്രതികരിച്ചിട്ടില്ല. ഷര്‍ഷാദ് പാര്‍ട്ടിക്ക് മുമ്പാകെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ അന്വേഷണം നടത്തിയോ എന്ന പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെ ചോദ്യങ്ങളില്‍ ഇതുവരേയും വ്യക്തമായ മറുപടി ഉണ്ടായിട്ടില്ല. രാജേഷുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന് ബന്ധമുണ്ടെന്നും മകന് വേണ്ടി എം വി ഗോവിന്ദന്‍ വിഷയത്തില്‍ കണ്ണടച്ചെന്നും ഷര്‍ഷാദ് ആരോപിച്ചിരുന്നു.
അതേസമയം കത്ത് ചോര്‍ച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി നേതാക്കള്‍ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നെന്ന ആരോപണം യോഗത്തില്‍ ചര്‍ച്ച ആകുമെന്നാണ് വിവരം. ചോര്‍ച്ചക്ക് പിന്നില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് കാണിച്ച് ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് ഇന്ന് പി ബി യോഗത്തിന് മുന്നില്‍ വരുമെന്നാണ് നേതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചന. വിഷയത്തില്‍ പി ബി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.