വി ഡി സവർക്കറെ പുകഴ്ത്തി CPI ആലപ്പുഴ വെണ്മണി ലോക്കൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ്. വാട്സാപ്പ് ഗ്രൂപ്പിലാണ് അദ്ദേഹം ഇത്തരത്തിലൊരു ശബ്ദ സന്ദേശം അയച്ചത്. ഒരു കോൺഗ്രസ് നേതാവുമായുള്ള തർക്കത്തെ തുടർന്നാണ് ഷുഹൈബ് സവർക്കറെ പുകഴ്ത്തി സന്ദേശമിട്ടത്.
‘വലിയ ചരിത്ര വിദ്യാർത്ഥി ആണെന്ന് പറഞ്ഞിട്ട് ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സവർക്കറുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. സവർക്കർ ബി ജെ പി എന്ന ഹിന്ദുത്വ തീവ്ര നിലപാടുള്ള ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തു എന്നതിന് മുൻപ് ഒരു സവർക്കർ ഇന്ത്യ മഹാരാജ്യത്ത് ജീവിച്ചിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്റെ അടിസ്ഥാന ആശയം നിരീശ്വരവാദമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി കോൺഗ്രസ് നേതാക്കളെക്കാൾ കൂടുതൽ ത്യാഗം സഹിച്ച വ്യക്തിയാണെന്നും’ സന്ദേശത്തിൽ പറയുന്നു.
ആൻഡമാനിലെ ജയിലിൽ കിടന്ന് സ്വാതന്ത്ര്യ സമര പോരാളികളെ പരുവപ്പെടുത്തിയെടുത്തത് സവർക്കർ ആയിരുന്നുവെന്നും കൂടാതെ ദേശീയത ഊട്ടിയുറപ്പിക്കുന്നതിന് പ്രധാന പങ്കുവഹിച്ച നേതാവാണ് സവർക്കർ എന്നും ശുഹൈബ് പറഞ്ഞു.സവർക്കറെയും കോൺഗ്രസ് നേതാക്കളെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ശുഹൈബിന്റെ മറുപടി.
എന്നാൽ തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ശുഹൈബ് പറയുന്നത്.ഇക്കാര്യം ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഗ്രൂപ്പിൽ നടന്നത് വലിയ ഒരു ചർച്ച ആയിരുന്നെന്നും ഒരു കോൺഗ്രസ് നേതാവിനോട് വിജയിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സവർക്കർ സ്നേഹവും സവർക്കർ പുകഴ്ത്തലും നടത്തിയതെന്നാണ് അംഗങ്ങൾ പറയുന്നത്.