ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി.
വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്.
ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത് കൊല്ലം ജില്ലയില്‍ നിന്നാണ്. കേര സൂര്യ, കേര ഹരിതം ബ്രാൻഡ് ഉൾപ്പടെ 9337 ലിറ്റർ വെളിച്ചെണ്ണയാണ് കൊല്ലം ജില്ലയിൽ നിന്ന് മാത്രമായി പിടിച്ചെടുത്തത്. രണ്ടാമതായി ആലപ്പുഴ ജില്ലയിൽ നിന്നും മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു.