കൂടലില്‍ പിതൃസഹോദരിക്കൊപ്പം താമസിച്ചിരുന്ന നാല്‍പ്പതുകാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. കൊലപാതകത്തിന് കാരണം അവിഹിതബന്ധം സംശയിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേവലം മദ്യപാനത്തെ തുടര്‍ന്നുള്ള കൊലപാകതമല്ല ഇതെന്നും പ്രതിക്ക് രാജനോട് പൂര്‍വ്വ വൈരാഗ്യമുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കേസിലെ പ്രതി അനി തന്റെ വീട്ടില്‍ താമസിപ്പിച്ച ഒരു സ്ത്രീയുമായി കൊല്ലപ്പെട്ട രാജന് അടുപ്പമുണ്ടെന്ന് സംശയിച്ചു. ഈ സ്ത്രീ പിന്നീട് വിട്ടുപോയതോടെ, ഇതിന് കാരണം രാജനാണെന്നും അനി വിശ്വസിച്ചു. സ്ഥിരം മദ്യപാനിയായ അനി ഇതിന്റെ പേരില്‍ പലപ്പോഴും രാജനുമായി വഴക്കിട്ടിരുന്നു. ഈ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അനിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. അനിയെ അടുത്ത ദിവസങ്ങളില്‍ തന്നെ തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് വിവരം.