Headlines

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തം: ഗുരുതരമായ ഉദ്യോഗസ്ഥ അനാസ്ഥയെന്ന് കണ്ടെത്തല്‍

ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തിന് കാരണം ഗുരുതരമായ ഉദ്യോഗസ്ഥ അനാസ്ഥയെന്ന് കണ്ടെത്തല്‍. ഉന്നത സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് എന്‍ജിനീയര്‍മാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു . സംസ്ഥാനത്തെ മറ്റു പാലങ്ങളെ കുറിച്ചും അവലോകനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

2022ല്‍ പാലത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ സര്‍ക്കാരിന് അപായ മുന്നറിയിപ്പ് കിട്ടിയതാണ്. ഇക്കാര്യത്തില്‍ പഞ്ചായത്ത് അംഗം റോഡ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിന് അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും അപകടാവസ്ഥയിലുള്ള പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാനോ നിരോധിക്കാനോ കഴിഞ്ഞില്ല. പുതിയപാലം ഉണ്ടാക്കാനുള്ള നടപടികളും ഇഴഞ്ഞുനീങ്ങി. 18 പേരുടെ ജീവന്‍ നഷ്ടമായ ശേഷമാണ് സര്‍ക്കാര്‍ ഒടുവില്‍ ഉണരുന്നത്.

പാലത്തിന്റെ ബല പരിശോധന, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ പരിശോധിച്ച ശേഷമാണ് ഉന്നത സമിതി കാരണ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് നടപടി സ്വീകരിച്ചില്ല എന്നതാണ് കണ്ടെത്തല്‍. എന്‍ജിനീയറിങ് വിഭാഗത്തിലെ നാലു പേരെയാണ് അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാനത്തെ മറ്റു പാലങ്ങളുടെ അവസ്ഥയെക്കുറിച്ചും വിശദമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കടുത്ത അനാസ്ഥ കാട്ടിയ റോഡ്‌സ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലുള്ളതാണ്.