ഇടതുഭരണത്തിൽ അഴിമതിയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും വസ്തുത മറ്റൊന്നാണ്. പിണറായി സർക്കാരിന്റെ കാലത്ത് മാത്രം 1075 സർക്കാർ ഉദ്യോഗസ്ഥരാണ് വിജിലൻസ് കേസുകളിൽ പ്രതികളായത്. ഏറ്റവും കൂടുതൽ അഴിമതിക്കാരുള്ളത് തദ്ദേശവകുപ്പിലും തൊട്ടുപിന്നിൽ റവന്യു വകുപ്പിലുമാണ്. 8 കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വിജിലൻസ് കേസുകളിൽ പ്രതികളായി.
അഴിമതി മുക്ത കേരളമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോഴാണ് അഴിമതിക്കറ പുറണ്ട സർക്കാർ ജീവനക്കാരുടെ വിവരങ്ങളും പുറത്ത് വരുന്നത്. ജനങ്ങൾക്ക് നേരിട്ട് സേവനം നൽകേണ്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് വിജിലൻസ് കേസിൽ പ്രതികളായവരിൽ ഏറെയും.
അഴിമതി ഇല്ലാതാക്കാൻ സംസ്ഥാനത്ത് പല അന്വേഷണ ഏജൻസികളും നിലവിലുണ്ടെങ്കിലും ഇവയൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 1075 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരാണ് വിജിലൻസ് കേസിൽ പ്രതികളായത്. ഇനി ആ കണക്കിലേക്ക് വന്നാൽ വിജിലൻസ് കേസിൽ പ്രതികളായ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ തദ്ദേശ വകുപ്പിലാണ്. 304 പേർ. തൊട്ടുപിന്നിൽ റവന്യു വകുപ്പ് 195 ഉദ്യോഗസ്ഥർ. പൊതുമരാമത്ത് വകുപ്പിൽ 50 പേരും വനം വകുപ്പിൽ 49 പേരും മോട്ടോർ വാഹന വകുപ്പിൽ 45 പേരും ആഭ്യന്തര വകുപ്പിൽ 40 പേരും വിജിലൻസ് കേസിൽ പ്രതികളായി.കേന്ദ്ര സർവീസിലേക്ക് വന്നാൽ ഇഡി ഉദ്യോഗസ്ഥൻ ഉൾപ്പടെ 8 പേരാണ് വിജിലൻസ് കേസിൽ പ്രതികളായത്.
സർക്കാർ ഉദ്യോഗസ്ഥരിലെ അഴിമതിക്കാരെ പിടികൂടാൻ ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് എന്ന പേരിൽ വിജിലൻസ് പ്രത്യേക പരിശോധന നടത്തിവരികയാണ്. കൈക്കൂലിക്കാരായ 700 സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടികയും തയ്യാറാക്കി കഴിഞ്ഞു.