Headlines

ഇനിയീ തെരുവുകളില്‍ മറ്റിടങ്ങളില്‍ നിന്ന് നായ്ക്കളെത്തും, കുരങ്ങുകളെത്തും, പുതിയ പ്രശ്‌നങ്ങള്‍ വരും; ഡല്‍ഹിയില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കാനുള്ള ഉത്തരവിനെതിരെ മനേകാ ഗാന്ധി

ഡല്‍ഹിയിലെ തെരുവുനായ്ക്കളെ എട്ടാഴ്ചകള്‍ക്കുള്ളില്‍ ഷെല്‍ട്ടറിലേക്ക് മാറ്റണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ ആക്ടിവിസിറ്റുമായ മനേകാ ഗാന്ധി. ഡല്‍ഹിയിലെ തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂവെന്നും അത് നിരവധി പാരിസ്ഥിതിക, സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മനേകാ ഗാന്ധി പറഞ്ഞു. എട്ടാഴ്ചകള്‍ക്കുള്ളില്‍ സകല തെരുവുനായ്ക്കളേയും ഷെല്‍ട്ടറിലാക്കുക എന്നത് അപ്രായോഗികമാണെന്ന് മനേകാ ഗാന്ധി പറഞ്ഞു. ഇങ്ങനെയൊരു തീരുമാനം ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെത്തന്നെ തകിടം മറിക്കുമെന്നും മനേകാ ഗാന്ധി പറഞ്ഞു.

1880ല്‍ പാരിസില്‍ നടന്ന ഒരു സംഭവം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മനേകാ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍. തെരുവുനായ്ക്കളെ വളരെപ്പെട്ടെന്ന് തെരുവില്‍ നിന്ന് തുടച്ചുനീക്കുന്നത് പുതിയ നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. ചിലപ്പോള്‍ 48 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തൊട്ടടുത്ത നഗരങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് നായ്ക്കള്‍ ഇങ്ങോട്ടേക്കെത്തും. കാരണം ഇവിടുത്തെ നായ്ക്കളൊക്കെ പോയതോടെ ഭക്ഷണം ഉണ്ടെന്ന് മറ്റ് നായ്ക്കള്‍ അറിയാന്‍ തുടങ്ങും. നായ്ക്കള്‍ പോകുന്നതോടെ അടുത്ത പ്രശ്‌നം കുരങ്ങുകളാകും. പാരിസില്‍ ഇതുപോലെ തെരുവില്‍ അലയുന്ന നായ്ക്കളേയും പൂച്ചകളേയും മുഴുവന്‍ കൊന്നുകളഞ്ഞു. ആധുനികവത്ക്കരണത്തിന്റെ ഭാഗമായി കൂടിയായിരുന്നു ഈ നീക്കം. പക്ഷേ നായ്ക്കളും പൂച്ചകളും പോയതോടെ തെരുവുകള്‍ എലികള്‍ കൈയടക്കി. ഇത് രോഗങ്ങള്‍ക്കും കാരണമായെന്നും മനേകാ ഗാന്ധി ഓര്‍മിപ്പിച്ചു.

പേവിഷബാധയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക നിര്‍ദേശം. പിടികൂടിയ നായ്ക്കളെ ഷെല്‍ട്ടറുകളില്‍ നിന്ന് ഒരു കാരണവശാലും പുറത്തുവിടരുതെന്നും ഉത്തരവ് മാനിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് സുപ്രിംകോടതി പറഞ്ഞത്.