വിദ്വേഷ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് സിപിഐഎം. മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രത പാലിക്കണം. മതവൈരം ഉണ്ടാക്കുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പക്കരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ പേര് പരാമര്‍ശിക്കാതെ ആണ് വിമര്‍ശനം.
മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്എന്‍ഡിപി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ആര്‍ക്കും അവതരിപ്പിക്കാം എന്നാല്‍ അത് മതവൈര്യമുള്‍പ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങളുയര്‍ത്തി മുന്നോട്ടപോവുകയാണ്. എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന അവശതകള്‍ പരിഹരിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ നീതിയും, മതനിരപേക്ഷതയും ആ നയത്തിന്റെ അടിസ്ഥാനവുമാണ്.
പ്രസ്താവനയുടെ പൂര്‍ണരൂപം
മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ പാര്‍ടി കാണുന്നത്. മതനിരപേക്ഷ സമൂഹത്തില്‍ മാത്രമേ എല്ലാ മതവിശ്വാസികള്‍ക്കും, വിശ്വാസികളല്ലാത്തവര്‍ക്കും ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന നിലപാടാണ് സി.പി.ഐ (എം)നുള്ളത്. എല്ലാ ജനവിഭാഗങ്ങളുടേയും പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും, ന്യായമായത് പരിഹരിക്കാനുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അതിദാരിദ്ര്യം പരിഹരിക്കുന്നതും, മിഷനുകളുടെ പ്രവര്‍ത്തനവും, ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം എല്ലാ വിഭാഗത്തിലുമുള്ള പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ്.
രാജ്യത്ത് വന്‍കിട കോര്‍പ്പറേറ്റുകളുടെ നയങ്ങള്‍ സാധാരണ ജനങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിനെതിരെ ഉയര്‍ന്നുവരുന്ന ജനകീയ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനാണ് വര്‍ഗ്ഗീയതയെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പിന്തുണയ്ക്കുന്നത്. സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയെന്നത് കോര്‍പ്പറേറ്റ് താല്പര്യം കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. എല്ലാതരം വര്‍ഗ്ഗീയതകളേയും ചെറുത്ത് നിന്നുകൊണ്ട് മാത്രമേ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ നിലനിര്‍ത്താനാവൂ.
കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവനയാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ ചെയ്തത്. അത്തരം പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച സാമൂഹ്യ നീതിയുടെ പ്രശ്‌നത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിച്ചത്. അതോടൊപ്പം, പാവപ്പെട്ട ജനതയുടെ ജീവിതം സംരക്ഷിക്കുന്നതിനുള്ള നടപടികളും ഒപ്പം സ്വീകരിച്ചു. അവശ ജനവിഭാഗത്തോടൊപ്പം നിന്ന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് പാര്‍ടിയുടെ അടിത്തറ വിപുലപ്പെടുത്തിയത്.
മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്.എന്‍.ഡി.പി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ആര്‍ക്കും അവതരിപ്പിക്കാം എന്നാല്‍ അത് മതവൈര്യമുള്‍പ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.