Headlines

‘മിണ്ടാപ്രാണികളെ നമ്മുടെ ഒരു പ്രശ്‌നമെന്ന നിലയിലാണോ കാണേണ്ടത്, ക്രൂരമായ തീരുമാനം’; ഡല്‍ഹിയില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കാനുള്ള ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹിയിലെ തെരുവുനായ്ക്കളെ എട്ടാഴ്ചകള്‍ക്കുള്ളില്‍ ഷെല്‍ട്ടറിലേക്ക് മാറ്റണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രിംകോടതിയുടെ നിര്‍ദേശം ക്രൂരമാണെന്നും ദീര്‍ഘവീക്ഷണം ഇല്ലാത്ത വിധത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പതിറ്റാണ്ടുകളായി നാം പിന്തുടര്‍ന്നുപോന്ന മനുഷ്യത്വപൂര്‍ണവും ശാസ്ത്രീയവുമായ നയങ്ങളില്‍ നിന്നുള്ള പിന്നോട്ടുപോക്കാണിത്. തെരുവുനായ പ്രശ്‌നത്തെ കുറച്ചുകൂടി അനുകമ്പയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മിണ്ടാപ്രാണികളായ നായ്ക്കള്‍ തുടച്ചുനീക്കപ്പെടേണ്ട ഒരു ‘കുഴപ്പം’ അല്ലെന്ന് മനസിലാക്കമെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഷെല്‍ട്ടറുകള്‍, വേണ്ടി വന്നാല്‍ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവ കൊണ്ട് നായ്ക്കളോട് ക്രൂരത കാണിക്കാതെ തന്നെ തെരുവുകളെ നമ്മുക്ക് സുരക്ഷിതമാക്കാവുന്നതേയുള്ളൂ. പൊതുജനങ്ങളുടെ സുരക്ഷയും മൃഗക്ഷേമവും പരസ്പരം കൈകോര്‍ത്ത് കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേവിഷബാധയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക നിര്‍ദേശം. പിടികൂടിയ നായ്ക്കളെ ഷെല്‍ട്ടറുകളില്‍ നിന്ന് ഒരു കാരണവശാലും പുറത്തുവിടരുതെന്നും ഉത്തരവ് മാനിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് സുപ്രിംകോടതി പറഞ്ഞത്. പേവിഷബാധയേറ്റ് മരിച്ചവരെ തിരികെക്കൊണ്ടുവരാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമോ എന്നും കോടതി ചോദിച്ചിരുന്നു.