വർഷങ്ങൾക്ക് മുൻപ് നടൻ ആമിർ ഖാനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സഹോദരൻ ഫൈസൽ ഖാൻ. തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് ആമിർ ഖാൻ തന്നെ ഒരു വർഷത്തോളം പൂട്ടിയിട്ടിട്ടുണ്ടെന്നാണ് ഫൈസൽ ഖാൻ ഇപ്പോൾ പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
“ആമിർ എന്നെ പൂട്ടിയിട്ട് പുറത്ത് ബോഡി ഗാർഡ്സിനെ കാവൽ നിർത്തിയിട്ട് ചില മരുന്നുകളും കഴിക്കാൻ തന്നിരുന്നു. അന്ന് എന്റെ അച്ഛൻ എന്നെ വന്ന് രക്ഷിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അദ്ദേഹം പുനർവിവാഹം ചെയ്ത് ഞങ്ങളുടെ കുടുംബ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു” ഫൈസൽ ഖാൻ പറയുന്നു.
ആമിർ ഖാന്റെ ആദ്യ ചിത്രമായ ഖയാമത് മത് സേ ഖയാമത് തക് എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്തുകൊണ്ടായിരുന്നു ഫൈസൽ ഖാൻ സിനിമയിലേക്ക് വരുന്നത്. 2021ൽ ഫൈസൽ ഖാൻ ഫാക്ടറി എന്ന ചിത്രം സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. പുതിയ സംവിധാന സംരംഭവുമായി ബന്ധപ്പെട്ട നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫൈസൽ ഖാൻ മനസ് തുറന്നത്.
“എനിക്ക് ചിത്തഭ്രമം ആണെന്നും എന്നെ പുറത്തുവിട്ടാൽ സമൂഹത്തിന് ആപത്താണെന്നുമെല്ലാം ആണ് അന്ന് എന്റെ കുടുംബം പറഞ്ഞത്. ഈ കെണിയിൽ നിന്ന് ഞാനെങ്ങനെ രക്ഷപെടുമെന്നാണ് ഞാൻ ചിന്തിച്ചത്. അവരെന്റെ കുടുംബമായത് കൊണ്ടാണ് ഞാനതിൽ അകപ്പെട്ടത്” ഫൈസൽ ഖാൻ കൂട്ടിച്ചേർക്കുന്നു. എന്നാൽ വിഷയത്തിൽ ഇതുവരെ ആമിർ ഖാന്റെ ഭാഗത്തുനിന്നും വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.