Headlines

എം.എൽ.എയുടെ ഫാം ഹൗസിൽ പൊലീസുകാരൻ വെട്ടേറ്റ് മരിച്ചു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

തമിഴ്നാട്ടിലെ തിരുപ്പൂരിൽ എ.ഐ.എ.ഡി.എം.കെ എം.എൽ.എ മഹേന്ദ്രൻ്റെ ഫാം ഹൗസിൽ വെട്ടേറ്റുമരിച്ച നിലയിൽ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി. തിരുപ്പൂർ കുടിമംഗലം പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ഷണ്മുഖ സുന്ദരമാണ് (56) കൊല്ലപ്പെട്ടത്.

ഫാം ഹൗസിലുണ്ടായിരുന്ന അച്ഛനും മക്കളും തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷണ്മുഖ സുന്ദരം ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു.

വിവരമറിഞ്ഞെത്തിയ പൊലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ പിടികൂടാൻ ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവം തിരുപ്പൂരിലെ പൊലീസ് വൃത്തങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഷണ്മുഖ സുന്ദരത്തിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.