Headlines

ഇടുക്കിയിൽ ആറു വയസ്സുകാരിയേ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനയാണ് മരിച്ചത്.കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.

അസം സ്വദേശി കൃഷ്ണനും ഭാര്യയും മകൾ കൽപ്പനയും കുറച്ച് നാളുകളായി കേരളത്തിലാണ് താമസം.ഇരുവരും ഏല തോട്ടത്തിലെ തൊഴിലാളികളാണ്.കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് പനിയും ഛർദിയും ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇതിനായി ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെയാണ് ജോലിക്ക് പോകുന്നതിനായി മാതാപിതാക്കൾ കുട്ടിയുമായി തോട്ടത്തിലെത്തുന്നത്. സമീപത്തായി നിർത്തിയിട്ടിരുന്ന തോട്ടം ഉടമയുടെ കാറിനുള്ളിൽ കുട്ടിയെ ഇരുത്തി ഇരുവരും ജോലിക്കായി പോവുകയും ചെയ്തു.എന്നാൽ കാർ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി ഉടമ എത്തുകയും മാതാപിതാക്കളോട് കുട്ടിയെ കാറിനുള്ളിൽ നിന്ന് മാറ്റണമെന്ന് പറയുകയും ചെയ്തു.പിന്നീട് മാതാപിതാക്കളെത്തി കാറിൽ നോക്കിയപ്പോഴാണ് കുട്ടിക്ക് ബോധമില്ലെന്ന് മനസിലാകുന്നത്.ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നിലവിൽ കുട്ടിയുടെ മൃതദേഹം രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ശരീരത്തിൽ മുറിവുകളോ പാടുകളോ കണ്ടെത്തിയിട്ടില്ല.മരണത്തിൽ ദുരൂഹതയിലെന്നും,കൽപ്പനയ്ക്ക് ആരോഗ്യ പ്രശനങ്ങളുണ്ടായിരുന്നതിനെ തുടർന്നാകാം മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണ കാരണം വ്യക്തമാകൂ.