മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിയായ റഷീദിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. പത്തോളം വരുന്ന വിദ്യാർത്ഥികൾ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇരുമ്പ് വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദനമെന്ന് റഷീദിൻ്റെ കുടുംബം ആരോപിക്കുന്നു. മർദ്ദനത്തിൽ റഷീദിൻ്റെ കണ്ണിനും മറ്റ് ശരീരഭാഗങ്ങൾക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയെ വളാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ റഷീദ് ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ തർക്കങ്ങളാണോ മർദ്ദനത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികൾക്കിടയിലെ ഇത്തരം അക്രമങ്ങൾ തുടർ സംഭവമായിക്കൊണ്ടിരിക്കുകയാണ്.