കോഴിക്കോട് കോർപറേഷൻ പരിധിയിലെ ബസ് സ്റ്റോപ്പുകൾ പരിശോധിക്കാൻ തീരുമാനം. മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ് തകർന്ന് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്കേറ്റ സാഹതര്യത്തിലാണ് തീരുമാനം. കോർപറേഷന്റെ പൊതുമരാമത്ത് വിഭാഗം പരിശോധന നടത്തി സുരക്ഷ ഉറപ്പ് വരുത്തും. കരാർ കമ്പനികൾ പരിപാലനം ഉറപ്പ് വരുത്തുന്നില്ലെന്ന പരാതികൾക്കിടെയാണ് തീരുമാനം.
കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണ് വിദ്യാർഥിനിക്ക് പരുക്കേറ്റിരുന്നു. നരിക്കുനി സ്വദേശി അവിഷ്ണയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിലെ പരസ്യ ബോർഡ് നീക്കം ചെയ്യുന്നതിനിടയിയാണ് അപകടമുണ്ടായത്. തൊഴിലാളി മുകളില്‍ കയറിയപ്പോളാണ് അപകടം നടന്നത്. സംഭവം നടന്നിട്ട് കുടുംബത്തിന് ഇതുവരെ അടിയന്തിര സഹായം ഒന്നും ലഭിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.