Headlines

കോതമംഗലത്തെ അന്‍സിലിന്റെ മരണം: പെണ്‍സുഹൃത്ത് വിഷം നല്‍കി കൊന്നതെന്ന് സൂചന

എറണാകുളം കോതമംഗലത്ത് യുവാവ് മരിച്ചത് പെണ്‍സുഹൃത്ത് വിഷം നല്‍കിയതിനെ തുടര്‍ന്നെന്ന് സൂചന. മാതിരപ്പള്ളി സ്വദേശി അന്‍സിലാണ് മരിച്ചത്. പെണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അന്‍സിലിനെ കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ അന്‍സില്‍ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.

പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഗുരുതരാവസ്ഥയിലായ അന്‍സിലിനെ ആശുപത്രിയിലെത്തിച്ചത്. പെണ്‍സുഹൃത്ത് എന്തോ കലക്കി നല്‍കിയത് താന്‍ കുടിച്ചിരുന്നു എന്ന് ആശുപത്രിയിലേക്ക് പോകുംവഴി അന്‍സില്‍ തന്നോട് പറഞ്ഞതായി ബന്ധു വെളിപ്പെടുത്തിയതാണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത്. പെണ്‍സുഹൃത്തിന്റെ വീടിന് മുന്നിലുള്ള വഴിയില്‍ അവശനായി വീഴാന്‍ പോകുന്ന നില.ില്‍ അന്‍സില്‍ തന്നെയാണ് തന്റെ ഫോണില്‍ നിന്ന് ബന്ധുവിനെ വിളിച്ചുവരുത്തി തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാനായി ആവശ്യപ്പെട്ടത്. പിന്നീട് ബന്ധു ആംബുലന്‍സ് വിളിക്കുകയും അന്‍സിലിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

അന്‍സില്‍ നിരവധി തവണ ഛര്‍ദിച്ചുവെന്നും തീരെ അവശനായിരുന്നുവെന്നും ബന്ധു പറയുന്നു. അന്‍സില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇടയ്ക്കിടെ പെണ്‍സുഹൃത്തിനെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ 29ന് വൈകീട്ടാണ് അന്‍സില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തുന്നത്. 30ന് പുലര്‍ച്ചെയോടെയാണ് ഇദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ.