തമിഴ്‌നാട് കരൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 17 വയസ്സുകാരിയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ ലൈംഗിക പീഡനത്തിന് ഇരയായി എന്നും, ആരാണ് പീഡിപ്പിച്ചതെന്ന് പറയാന്‍ പേടിയാണെന്നും വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി പുറത്തേക്ക് വരുന്നത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ പ്രായമായ സ്ത്രീ വീട്ടിലെത്തി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടനെ അമ്മയെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി.
അന്വേഷണത്തിനിടയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. ‘ലൈംഗിക പീഡനം മൂലം കരൂര്‍ ജില്ലയില്‍ മരിക്കുന്ന അവസാനത്തെ പെണ്‍കുട്ടി ഞാനായിരിക്കണം, എന്റെ ഈ തീരുമാനത്തിന്റെ കാരണം ആരാണെന്ന് പറയാന്‍ എനിക്ക് ഭയമാണ്, ഈ ഭൂമിയില്‍ വളരെക്കാലം ജീവിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് ഈ ലോകം വിടണം’ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
കുടുംബത്തെ ഏറെ സ്നേഹിക്കുന്നതായും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. മുത്തശ്ശിയും അടുത്ത ബന്ധുവും കൂടി മരിച്ചതോടെ വീട്ടില്‍ അമ്മയും മകളും മാത്രമാണുണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട്.