ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി; തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

റഷ്യയുടെ കാംചാക്ക തീരത്തെ വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാനിൽ രണ്ടിടങ്ങളിലായി തീരത്ത് വലിയ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഫുക്കുഷിമ ആണവ നിലയവും ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം.

റഷ്യയിൽ വലിയ കെട്ടിടങ്ങൾ തകർന്നു വീഴുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു കിൻഡർ ഗാർഡൻ പൂർണമായും തകർന്നതിനെ തുടർന്ന് ഒരു കുട്ടിയുടെ ഒരു കുട്ടിയെ കാണാതായെന്നും വിവരമുണ്ട്. അമേരിക്കയിലും ചില പ്രദേശങ്ങളിലൊക്കെ തന്നെ സുനാമി തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്. ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു.

റഷ്യയുടെ കാംചാക്ക തീരത്താണ് വൻ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‍ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. 2011ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്.