കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാംക്ലാസുകാരൻ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ കേസ്. തേവലക്കര ബോയ്സ് ഹൈസ്കൂൾ മാനേജർ, മാനേജ്മെന്റ് കമ്മിറ്റി എന്നിവർ പ്രതികളാകും. ഭാരതീയ ന്യായ സംഹിത 304 ( A ) വകുപ്പ് പ്രകാരമാണ് ശാസ്താംകോട്ട പൊലീസ് കേസ് എടുത്തത്. സൈക്കിൾ ഷെഡ് കെട്ടിയ സമയത്തെ മാനേജ്മെൻറും ആ സമയത്തെ മുഴുവൻ ഭാരവാഹികളും കേസിൽ പ്രതികളാകും.
അതേസമയം, വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ സ്കൂൾ മാനേജ്മെൻറ്റിന് വീഴ്ച പറ്റിയെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു. ഇതാദ്യമായിട്ടാണ് സ്കൂൾ മാനേജ്‌മെന്റിനെതിരെ സ്ഥലം എംഎൽഎ കൂടിയായ കോവൂർ കുഞ്ഞുമോൻ രൂക്ഷവിമർശനം നടത്തുന്നത്.
മാനേജ്മെൻ്റിന് എതിരെ ശക്തമായ നടപടിയെടുക്കണം. ഇതൊരു കൂട്ടുത്തരവാദിത്വത്തിൽ ഉണ്ടായ കാര്യമാണ് അതുകൊണ്ടു തന്നെ മാനേജ്മെൻ്റിനും, കെ എസ് ഇ ബിയ്ക്കും, തദ്ദേശ സ്ഥാപനത്തിനും എതിരെ ശക്തമായ നടപടി വേണം ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടും, വകുപ്പ് തല മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം. മിഥുന്റെ മരണത്തിൽ ഈ മൂന്ന് പേരും കുറ്റക്കാരെന്നും മിഥുൻ്റെ കുടുംബത്തെ കൈവിടില്ലെന്നും എം എൽ എ പറഞ്ഞു.