Headlines

മിഥുന്റെ മരണം; ‘വിദ്യാഭ്യാസ, വൈദ്യുത വകുപ്പുകൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല’; സണ്ണി ജോസഫ്

തേവലക്കരയിലെ മിഥുന്റെ മരണത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിദ്യാഭ്യാസ, വൈദ്യുത വകുപ്പുകൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. മിഥുന്റെ കുടുംബത്തിന് സർക്കാർ മതിയായ ധനസഹായം നൽകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്ത് ഇന്നലെ സ്കൂൾ മാനേജർ ഉത്തരവിറക്കിയിരുന്നു. എസ് സുജയെയാണ് സസ്പെൻ‍ഡ് ചെയ്തിരുന്നത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. അതേസമയം സ്കൂൾ മാനേജ്മെന്റിനെതിരെയും വിമർശനം ഉയർന്നിരുന്നു. അപകടത്തിൽ ഉപവിദ്യഭ്യാസ ഡയറക്ടർ, സ്കൂൾ മാനേജ്മെന്റ്, പ്രധാനാധ്യാപിക എന്നിവരുടെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട്.

അതേസമയം മിഥുന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വെെദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്. വൻ ജനാവലിയാണ് റോഡിനിരുവശവും കണ്ണീരോടെ കാത്തുനിന്നത്. മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.