ബ്രിക്സ് രാജ്യങ്ങള്‍ക്കുനേരെ 10 ശതമാനം താരിഫ് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തങ്ങള്‍ക്കെതിരെ കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും യുഎസ് ഡോളറിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബ്രിക്‌സില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ബ്രിക്‌സിന്റെ ഡീ- ഡോളറൈസേഷന്‍ നയങ്ങളെ മുന്‍പും വിമര്‍ശിച്ചിട്ടുള്ള ട്രംപ് ഇപ്പോള്‍ താരിഫ് ഉയര്‍ത്തി ഈ രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ്. താന്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ബ്രിക്‌സ് മീറ്റിങ്ങില്‍ ഹാജര്‍ കുറഞ്ഞെന്നും ട്രംപ് പ്രതികരിച്ചു
അമേരിക്കയെ മുറിപ്പെടുത്താനും ലോകത്തിലെ റിസര്‍വ് കറന്‍സി എന്ന നിലയ്ക്കുള്ള ഡോളറിന്റെ സ്ഥാനം തകര്‍ക്കാനുമാണ് ബ്രിക്‌സ് രൂപീകരിച്ചിരിക്കുന്നതെന്ന് ട്രംപ് പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്. ബ്രിക്‌സില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് വ്യാപാരത്തിനും കൈമാറ്റത്തിനുമായി പൊതുവായ ഒരു കറന്‍സി അവതരിപ്പിക്കാനും ഇതിന് ബ്രിക്‌സ് കറന്‍സി എന്ന് പേരിടാനും നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ രൂക്ഷമായ പ്രതികരണം.
ഡോളറാണ് രാജാവെന്നും അത് നശിപ്പിക്കാനാണ് ബ്രിക്‌സ് ശ്രമിക്കുന്നതെന്നുമാണ് ട്രംപിന്റെ ആരോപണം. ബ്രസീലില്‍ നടന്ന 17-ാം ബ്രിക്‌സ് ഉച്ചകോടിയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഡോളറിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.
ബ്രിക്സ് സഖ്യം ആരംഭിച്ചത് ബ്രസീൽ,റഷ്യ,ഇന്ത്യ,ചൈന,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണെങ്കിലും ഇന്നത് ഈജിപ്ത്,എത്യോപ്യ,ഇന്തോനേഷ്യ, ഇറാൻ,സൗദി അറേബ്യ,യുഎഇ എന്നീ രാജ്യങ്ങളെക്കൂടി പങ്കാളികളാക്കിയുള്ള വികസന പാതയിലാണ്. സഖ്യ രാജ്യങ്ങൾക്കിടയിലെ ഇടപാടുകൾക്ക് പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. താൻ താരിഫ് മുന്നറിയിപ്പ് നൽകിയതിന് ശേഷം ബ്രിക്സിൽ ഹാജർ കുറഞ്ഞെന്നും രാജ്യങ്ങൾക്ക് താരിഫ് പേടിയുണ്ടെന്നും കൂടി ട്രംപ് പറഞ്ഞു. ബ്രിക്സിന്റെ സ്ഥാപകാംഗമായ ഇന്ത്യ ആ മാസം 17ന് തന്നെ നയം വ്യക്തമാക്കിയിരുന്നു. ഡോളറിനെ തകർക്കാൻ ഗ്രൂപ്പ് ശ്രമിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു.