Headlines

ഒരാഴ്ച, 10 ജില്ലകൾ, ജനങ്ങളുമായി നേരിട്ട് സംവദിക്കും; തമിഴ്നാട് പര്യടനത്തിന് വിജയ്

തമിഴ്നാട് പര്യടനത്തിനൊരുങ്ങി ടിവികെ അധ്യക്ഷൻ വിജയ്. പര്യടനം സെപ്റ്റംബർ 13ന് തിരുച്ചിറപ്പള്ളിയിൽ തുടങ്ങും. ആദ്യ ഘട്ടം ഒരാഴ്ചയാകും പര്യടനം. 10 ജില്ലകൾ സന്ദർശിക്കും. പര്യടനത്തിനുള്ള ബസ് തയാറാക്കി.

വിജയ് ഓഫീസ് വിട്ട് ജനങ്ങളിലേക്ക് ഇറങ്ങുന്നില്ലെന്ന ആക്ഷേപത്തിനോടുവിലാണ് സംസ്ഥാനപര്യടനം നടക്കുക. പടിഞ്ഞാറൻ തമിഴ്നാട്ടിൽ വമ്പൻ സമ്മേളനവും നടത്തും. 56 നിയമസഭ മണ്ഡലങ്ങളിലെ പാർട്ടി ഭാരവാഹികളുടെ യോഗം ചേർന്നു.

വിജയുടെ നീക്കം മറ്റു പാര്‍ട്ടികള്‍ ആശങ്കയോടെയാണ് നോക്കുന്നത്. ഒ പനീല്‍ശെല്‍വം, ടിടിവി ദിനകരന്‍ തുടങ്ങിയവരെല്ലാം വിജയുമായി അടുക്കുമെന്ന സൂചന നല്‍കിക്കഴിഞ്ഞു. ടിവികെ കൂടുതല്‍ ജനപ്രിയമാകുക എന്ന ലക്ഷ്യത്തോടെ വിജയ് തമിഴ്‌നാട് യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. പ്രധാന കേന്ദ്രങ്ങളില്‍ ജനങ്ങളുമായി വിജയ് സംവദിക്കും. ഇതിന് വേണ്ടി തമിഴ്‌നാട് യാത്രയ്ക്കിടെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.
വിജയുടെ പാര്‍ട്ടി ആസ്ഥാനമായ പനയൂരില്‍ ആഡംബര ബസ് തയ്യാറായിട്ടുണ്ട്. സംസ്ഥാന യാത്രയ്ക്ക് വേണ്ടിയുള്ളതാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്ര രണ്ടോ മൂന്നോ ഘട്ടങ്ങളായിട്ടാകും നടത്തുക. തിരുച്ചിറപ്പള്ളിയിലോ തിരുനല്‍വേരിയിലോ മധുരയിലോ ആയിരിക്കും വിജയ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യത എന്നും അഭ്യൂഹമുണ്ട്.

തിരഞ്ഞെടുപ്പ് വേളയില്‍ മറ്റു പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ പുതിയ ചാനല്‍ തുടങ്ങാന്‍ വിജയ് ആലോചിക്കുന്നുണ്ട്. വിജയ് ടിവി എന്ന ചാനല്‍ നേരത്തെയുള്ളതിനാല്‍ പുതിയ ചാനലിന് ദളപതി ടിവി എന്ന പേരിടാനാണ് സാധ്യത എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.