സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ തനിക്ക് മറ്റുപാര്‍ട്ടികളില്‍ നിന്ന് ക്ഷണമുണ്ടൈന്ന് വെളിപ്പെടുത്തി നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍, സിപിഐഎം, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് സി സി മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ നാട്ടികയില്‍ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേറെ പാര്‍ട്ടിയിലേക്ക് പോകേണ്ട കാര്യമില്ല. എന്റെ പാര്‍ട്ടി എന്നെ രക്ഷിക്കുമെന്നാണ് പൂര്‍ണ ബോധ്യം. അതിനകത്ത് മറ്റ് വിഷയങ്ങള്‍ ഒന്നുമില്ല. പാര്‍ട്ടിക്ക് നല്ല ഉത്തരവാദിത്തമുണ്ട്. ചര്‍ച്ച ചെയ്ത് തീരുമാനിച്ച് നല്ലൊരു തീരുമാനമുണ്ടാക്കുമെന്നാണ് വിശ്വാസം. പ്രസ്ഥാനത്തോട് വളരെ കാലത്തെ കൂറുള്ളയാളാണ് ഞാന്‍ – അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുടയില്‍ നടന്ന സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് കൗണ്‍സിലില്‍ നിന്നും സിസി മുകുന്ദനെ ഒഴിവാക്കിയത്. നവകേരള സദസില്‍ പൊലീസിനെതിരായ പരസ്യ വിമര്‍ശനം, പ്രാദേശിക വിഷയങ്ങളില്‍ പാര്‍ട്ടിക്ക് വിധേയനാകുന്നില്ല എന്ന് ചൂണ്ടികാട്ടി എട്ട് മണ്ഡലം കമ്മിറ്റികളിലെ പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഒഴിവാക്കാനുള്ള നടപടികളിലേക്ക് നേതൃത്വം കടന്നത്. പാര്‍ട്ടിയില്‍ തന്നെ ഒറ്റതിരഞ്ഞാക്രമിക്കാന്‍ ശ്രമം നടന്നുവെന്നും അഴിമതിക്കാരനായ പിഎ തന്റെ ഒപ്പിട്ട് പണം തട്ടാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി അയാള്‍ക്ക് പൂര്‍ണ സംരക്ഷണയൊരുക്കിയെന്നും സിസി മുകുന്ദന്‍ പറഞ്ഞു. വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല തവണ നേതൃത്വത്തെ സമീപിച്ചിട്ടും ഇടപെടലുണ്ടായില്ലെന്നും എംഎല്‍എ വ്യക്തമാക്കി.
പാര്‍ട്ടി ജില്ലാ ഘടകത്തില്‍ നിന്നൊഴിവാക്കിയതിന് പിന്നാലെ പല പാര്‍ട്ടികളില്‍ നിന്നും തന്നെ ക്ഷണിച്ചു. സിപിഐഎം, ബിജെപി, കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ വാട്‌സാപ്പിലൂടെ തന്നെ ബന്ധപ്പെട്ടെന്നും മുകുന്ദന്‍ പറഞ്ഞു. എന്നാല്‍, 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ തുടരുമെന്ന നിലപാടിലാണ് എംഎല്‍എ. തന്റെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഇടപെട്ടാല്‍ തീരാവുന്നത് മാത്രം, എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയെന്നും ഇപ്പോള്‍ ഒന്നും ചിന്തിക്കാന്‍ നേരമില്ലെന്നും എം.എല്‍.എ പറയുന്നു.