Headlines

കാസര്‍ഗോഡ് 16കാരനെ പീഡിപ്പിച്ച കേസ്; ഉന്നതര്‍ പ്രതികള്‍; കുട്ടി പ്രതികളുടെ വലയില്‍ അകപ്പെട്ടത് GRINDR ആപ്പ് വഴി

കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എഇഒ, യൂത്ത് ലീഗ് നേതാവ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതികള്‍. പിടിയിലാകാനുള്ള പ്രതികളില്‍ ചിലര്‍ ഒളിവിലാണ്. അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിക്കും. 16 വയസുകാരനുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച പ്രതികള്‍ രണ്ടുവര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലും, ജില്ലയ്ക്ക് പുറത്തുമായാണ് പ്രതികള്‍ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

കുട്ടി പ്രതികളുടെ വലയില്‍ അകപ്പെട്ടത് GRINDR (GAY DATING AND CHAT) ആപ്പ് വഴിയെന്നാണ് വിവരം. 18 വയസ്സായെന്ന് രേഖപ്പെടുത്തിയാണ് ആപ്പ് ഉപയോഗിച്ചത്. ഏജന്റ് മുഖേന പ്രതികള്‍ കുട്ടിക്ക് അടുത്തെത്തി. ചന്തേര പൊലീസ് സ്റ്റേഷനില്‍ മാത്രം ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എട്ടു കേസുകള്‍ ജില്ലയ്ക്ക് പുറത്ത്. 14 കേസുകളിലായി 18 പേരാണ് പ്രതികള്‍. ഇനി പിടികൂടാന്‍ ഉള്ളത് 10 പ്രതികളെയാണ്.

കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചീമേനി സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.