Headlines

ക്ലബ് ലോക കപ്പ് കിരീടം ചെല്‍സിക്ക്; പിഎസ്ജിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്

ഞായറാഴ്ച അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ക്ലബ് ലോക കപ്പ് ഫൈനലില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെയ്ന്റ് ജര്‍മ്മന്‍ (പിഎസ്ജി)നെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെല്‍സി കിരീടം ചൂടി. ചെല്‍സിക്കായി കോള്‍ പാല്‍മര്‍ ഇരട്ടഗോള്‍ നേടി. 43-ാം മിനിറ്റില്‍ പാല്‍മറിന്റെ അസിസ്റ്റിലായിരുന്നു ജോവാ പെഡ്രോ മൂന്നാം ഗോള്‍ നേടിയത്. ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പര്‍ കപ്പ്, കഴിഞ്ഞ വര്‍ഷം ക്ലബ്ബിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവ നേടി ചരിത്രമെഴുതിയ പിഎസ്ജിയുടെ നിഴല്‍ മാത്രമായിരുന്നു ഫൈനലില്‍ കണ്ടത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തെത്തിയ ചെല്‍സിയാകട്ടെ അനായാസം പിഎസ്ജിയുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള 81,118 കാണികള്‍ക്ക് മുമ്പില്‍ തങ്ങളുടെ രണ്ടാം കിരീടം ഉയര്‍ത്തി.

രണ്ടാം പകുതിയില്‍ മത്സരത്തില്‍ ആധിപത്യം നേടാന്‍ ശ്രമിച്ചെങ്കിലും ചെല്‍സി പ്രതിരോധം പിഎസ്ജി താരങ്ങളെ ശരിക്കും വരിഞ്ഞുമുറുക്കി. ഇതോടെ പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. മികച്ച സേവുകളുമായി ചെല്‍സിയുടെ ഗോള്‍കീപ്പര്‍ റോബര്‍ട്ട് സാഞ്ചസും പ്രതിരോധമതിലിന്റെ ഭാഗമായതോടെ പിഎസ്ജി മുട്ടുമടക്കി. വീറും വാശിയും നിറഞ്ഞ ചില നിമിഷങ്ങള്‍ മത്സരത്തിലുണ്ടായത് അത് താരങ്ങള്‍ തമ്മിലുള്ള കൈയ്യാങ്കളിയിലേക്ക് എത്തി. 86-ാം മിനിറ്റില്‍ പിഎസ്ജി താരം ജോവോ നെവസിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. ചെല്‍സി ഡിഫന്‍ഡര്‍ മാര്‍ക്ക് കുക്കുറെല്ലയുടെ നീളന്‍ മുടിയില്‍ പിടിച്ചുവലിച്ച് വീഴ്ത്തിയതിനായിരുന്നു റെഡ്കാര്‍ഡ്. തൊട്ട് മുമ്പ് കുക്കുറെല്ല അദ്ദേഹത്തെ ഫൗള്‍ ചെയ്തിരുന്നു. ഇതിന് പകരമെന്നോണമായിരുന്നു ഈ നീക്കം. എന്നാല്‍ കടുത്ത ശിക്ഷ തന്നെ റഫറി നല്‍കി.