പകരം തീരുവ ചുമത്തുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പോയ വാരം വിവിധ രാജ്യങ്ങൾക്ക് തീരുവ ചുമത്തിക്കൊണ്ടുള്ള കത്തയക്കുന്ന തിരക്കിലായിരുന്നു ട്രംപ്. ഓഗസ്റ്റ് 1ന് മുൻപ് കരാറിലെത്തണമെന്ന് കാണിച്ച് ഏറ്റവും വലിയ വ്യാപാര പങ്കാളികളായ യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും കത്തയച്ചിരിക്കുകയാണ് ട്രംപ്. ഇരു മേഖലകളിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിക്കൊണ്ടുള്ള കത്ത് പതിവുപോലെ ട്രൂത്ത് സോഷ്യലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത മാസം ഒന്നിന് മുൻപ് കരാർ ധാരണയിലെത്തിയില്ലെങ്കിൽ 30 ശതമാനം തീരുവ ചുമത്തുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
യൂറോപ്യൻ യൂണിയനിലേക്ക് തുറന്നതും പൂർണവുമായ വിപണി പ്രവേശമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ട്രംപിന്റെ കത്തിൽ പറയുന്നു. അതിർത്തി സുരക്ഷയ്ക്ക് മെക്സിക്കോ സഹായിക്കുന്നുണ്ടെങ്കിലും അത് പോരെന്ന സൂചന മെക്സിക്കോയ്ക്കുള്ള കത്തിലുണ്ട്. എന്നാൽ വടക്കേ അമേരിക്കയെ മുഴുവൻ മയക്കുമരുന്നിന്റെ പിടിയിലാക്കാൻ ശ്രമിക്കുന്ന കാർട്ടലുകളെ മെക്സിക്കോ ഇനിയും തടഞ്ഞിട്ടില്ലെന്നും അതനുവദിച്ചുതരില്ലെന്നും ട്രംപ് പറയുന്നു. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനാണ് കത്ത് അയച്ചിരിക്കുന്നത്.
ജപ്പാനും ദക്ഷിണ കൊറിയക്കുമായിരുന്നു താരിഫ് വർധന അറിയിച്ചുള്ള ആദ്യ കത്തുകൾ ട്രംപ് അയച്ചത്. തുടർന്ന് 22 രാജ്യങ്ങൾക്ക് കൂടി രണ്ട് ഘട്ടമായി കത്തുകളയച്ചു. വ്യാവസായിക ഉത്പന്നങ്ങൾക്ക് മേലുള്ള തീരുവ ഒഴിവാക്കിക്കൊണ്ടുള്ള ഒരു വിശാല കരാറിനാണ് യൂറോപ്യൻ യൂണിയൻ താത്പര്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ ഏത് രീതിയിലായിരിക്കും അവർ പ്രതികരിക്കുകയെന്നത് പ്രധാനമാണ്. വിഷയത്തിൽ അതിവേഗ പരിഹാരത്തിന് സമ്മർദ്ദം ചെലുത്തുകയാണ് ജർമനി. എന്നൽ അമേരിക്കയോട് അമിതമായ വിധേയത്വം പാടില്ലെന്ന നിലപാടിലാണ് ഫ്രാൻസും യൂറോപ്യൻ യൂണിയനിലെ മറ്റ് ചില രാജ്യങ്ങളും.