ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പാകിസ്താന് കൈമാറിയ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണത്തില്‍. ടൂറിസം വകുപ്പിന്റെ വിവരാവകാശ മറുപടി പുറത്ത്. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്.

ടൂറിസം വകുപ്പ് പണം നല്‍കിയാണ് ഇവരെ എത്തിച്ചത്. യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പ്. ടൂറിസത്തിന്റെ പുനരുജീവനമായിരുന്നു ലക്ഷ്യം.സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് പട്ടികയില്‍പ്പെടുത്തി 41 പേരെ എത്തിച്ചതില്‍ ജ്യോതി മല്‍ഹോത്രയും. എന്നാല്‍ സര്‍ക്കാര്‍ അതിഥി ആയിരുന്നില്ല ഇവര്‍.

വകുപ്പ് സംഘടിപ്പിച്ച എന്റെ കേരളം – എത്ര സുന്ദരം – ഫെസ്റ്റിവല്‍ ക്യാംപെയ്ന്‍ എന്ന പരിപാടിയില്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിരുന്നു.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ജ്യോതി മല്‍ഹോത്ര നിലവില്‍ ജയിലിലാണ്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്ന സമയത്താണ് ജ്യോതി മല്‍ഹോത്ര കേരളം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയതിന് കഴിഞ്ഞ മെയ് മാസത്തിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത്.