ഇന്നലെ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യമാച്ച് ആയിരുന്നു. മത്സരം തകര്‍ത്തു കൊണ്ടിരിക്കെ അതാ സ്‌റ്റേഡിയത്തിലേക്ക് ഒരു പാമ്പ് കയറി വരുന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ ആദ്യ ഓവറുകളിലാണ് പാമ്പിനെ കളിക്കാരും കാണികളും ആദ്യം കണ്ടത്. എന്നാല്‍ കുറച്ചുനേരം ഇഴഞ്ഞതിന് ശേഷം മാളത്തിലേക്കോ മറ്റോ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ പാമ്പിനെ കണ്ടതോടെ മത്സരത്തിന് ചെറിയ ഇടവേള അമ്പയര്‍മാര്‍ അനുവദിച്ചിരുന്നു. പിന്നീട് ഇതേ പാമ്പ് തന്നെ മറ്റൊരു തവണയും പുറത്തേക്ക് വന്നു.
സ്റ്റേഡിയത്തിലും വീട്ടിലും മത്സരം കണ്ട ആരാധകര്‍ക്ക് ഈ അപൂര്‍വ കാഴ്ച കണ്ട് ഞെട്ടലും ഒപ്പം കൗതുകവുമായി. ‘പാമ്പ് ഇന്നിങ്‌സി’ന്റെ മീമുകളും തമാശകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. സ്ഥിരമായി പാമ്പുകളെ കാണാറുള്ള കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തെ ആരാധകരില്‍ ചിലര്‍ ‘നാഗിന്‍ ഡെര്‍ബി’ യെന്ന് കളിയാക്കി വിളിക്കാറുണ്ട്. മുന്‍കാലങ്ങളിലും സമാന സംഭവങ്ങള്‍ക്ക് സ്റ്റേഡിയം വേദിയായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ലങ്ക പ്രീമിയര്‍ ലീഗിലെ ചില മത്സരങ്ങളും ‘പാമ്പുകള്‍ തടസ്സപ്പെടുത്തിയിരുന്നു’. സ്ഥിരമായി പാമ്പുകളെ കണ്ടതോടെയാണ് ആര്‍. പ്രേമദാസ സ്റ്റേഡിയത്തിന് നാഗിന്‍ ഡെര്‍ബിയെന്ന് വിളിപ്പേര് കൂടി ക്രിക്കറ്റ് ആരാധകര്‍ ചാര്‍ത്തിക്കൊടുത്തത്. അതേ സമയം പാമ്പുകളെ കാണുന്ന മാത്രയില്‍ തന്നെ ഗ്രൗണ്ട് സ്റ്റാഫുകളുടെ ഓടിയെത്തി അപകടസാധ്യത ഒഴിവാക്കാറുണ്ട്. ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ 77 റണ്‍സിന് ശ്രീലങ്ക വിജയിച്ചു.