പതിമൂന്ന് വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ 35 വയസ്സുള്ള യുവാവിന് വിവാഹം ചെയ്തു കൊടുത്ത സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. കാശ്മീർ ഉദ്ദംപൂർ ജില്ലയിലെ രാംനഗറിലാണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കളും ഭർത്താവും അടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.
ശൈശവ വിവാഹം നടന്നുവെന്ന വാർത്ത അറിഞ്ഞതിന് പിന്നാലെ പോലീസ് സ്ഥലത്ത് എത്തുകയും കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിക്ക് 13 വയസ്സ് മാത്രമേയുള്ളുവെന്ന് സർട്ടിഫിക്കറ്റിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഭർത്താവ്, മാതാപിതാക്കൾ, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവരെയാണ് രാംനഗർ പോലീസ് അറസ്റ്റ് ചെയ്തത്.