ഐഎസ്എൽ ഫൈനലിൽ നാളെ ഹൈദരാബാദ് എഫ് സിയെ നേരിടാനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. നായകൻ അഡ്രിയാൻ ലൂണ നാളെ കളിച്ചേക്കില്ല. ലൂണക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം നിലവിൽ മെഡിക്കൽ സംഘത്തിനൊപ്പമാണെന്നും പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു
കലാശപ്പോരിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആരാധകരുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നൽകും. ആരാധകർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. ശരിക്കും അവരോടാണ് കടപ്പെട്ടിരിക്കുന്നത്. ലൂണ മെഡിക്കൽ സംഘത്തിനൊപ്പമാണ്. അദ്ദേഹം ഫൈനൽ കളിച്ചേക്കില്ല. ഫൈനലിൽ ആരായിരിക്കും ക്യാപ്റ്റനെന്ന കാര്യം തീരുമാനിച്ചിട്ടില്ല
നേരത്തെ പരുക്കേറ്റ മലയാളി താരം സഹലും കളിക്കില്ലെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. 100 ശതമാനം പരുക്ക് മാറിയാൽ മാത്രമേ സഹലിനെ കളിപ്പിക്കൂ. സഹലിന്റെ കാര്യത്തിൽ റിസ്കിനില്ലെന്നാണ് കോച്ചിന്റെ പക്ഷം.