കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആളുകൾ വീട്ടിൽ തന്നെ കഴിയണം. അസാധാരണമായി ഇടപെടലുകൾ ഇതിന് വേണ്ടിവരും. റോഡുകൾ പൊതുസ്ഥലങ്ങൾ എന്നിവയെല്ലാം ആളില്ലാത്ത ഇടമായി മാറണം. നാടാകെ നിശ്ചലമാകണം. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും. പൊലീസ് ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കും. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലമോ, പാസോ കൈയിൽ വച്ചിരിക്കണം. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം ജില്ലാ പൊലീസ് മേധാവിക്കായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.