ശിവരാത്രി ആഘോഷങ്ങളില്‍ ഭക്തിസാന്ദ്രമായി ആലുവ മണപ്പുറം. രാത്രി പന്ത്രണ്ട് മണിയോടെ ബലിതർപ്പണം ആരംഭിച്ചു. ആയിരങ്ങളാണ് ഇന്നലെ രാവിലെ മുതല്‍ ആലുവ മണപ്പുറത്തേക്കെത്തിയത്.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉറക്കമില്ലാത്ത രാത്രി. ശിവരാത്രിയില്‍ പുലരുവോളം ഭക്തരുടെ ഒഴുക്കായിരുന്നു മണപ്പുറത്തേക്ക്. കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോകോളും പാലിച്ചായിരുന്നു ആഘോഷം. ബലിതർപ്പണത്തിന് നൂറ്റി അന്‍പതിലേറെ ബലിത്തറകളൊരുക്കിയിട്ടുണ്ട്. ഒരേ സമയം ആയിരത്തോളം പേർക്ക് ബലിയിടാനുള്ള സൗകര്യം. നിയന്ത്രണങ്ങളുണ്ടെങ്കിലും രാത്രിയിലും നിരവധി ഭക്തർ പുഴയിലിറങ്ങി ബലിയർപ്പിച്ചു. ശിവരാത്രി ആഘോഷത്തേടനുബന്ധിച്ച് ആലുവയിലെങ്ങും കനത്ത പൊലീസ് സുരക്ഷയാണ്. ഗതാഗത നിയന്ത്രണങ്ങളും നടപ്പാക്കിയിട്ടുണ്ട് . കെ.എസ്.ആർ.ടി.സിയും കൊച്ചി മെട്രോയും സ്പെഷ്യല്‍ സർവീസുകളും ഒരുക്കിയിട്ടുണ്ട്.