നവാബ് മാലിക്ക് മാർച്ച് മൂന്നുവരെ ഇഡി കസ്റ്റഡിയിൽ; മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് മുന്നണി തീരുമാനം

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉൾപ്പെട്ട കള്ളപ്പണ കേസിൽ അറസ്റ്റിലായ എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ നവാബ് മാലിക്കിനെ മാർച്ച് മൂന്നുവരെ ഇഡി കസ്റ്റഡിയിൽ വിട്ടു. വീട്ടിലെ ഭക്ഷണവും മരുന്നും അനുവദിക്കണമെന്ന നവാബ് മാലിക്കിന്റെ ഹർജി നാളെ പരിഗണിക്കും. ചോദ്യം ചെയ്യൽ അഭിഭാഷകന്റെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യം എതിർക്കില്ലെന്ന് ഇഡി അറിയിച്ചു.

അതേസമയം, നവാബ് മാലിക് രാജി വെക്കേണ്ടതില്ലെന്ന് മഹാ വികാസ് അഘാഡി മുന്നണി തീരുമാനിച്ചു. ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളും ഒരേ നിലപാടാണ് സ്വീകരിച്ചത്. ബിജെപിക്കും കേന്ദ്രസർക്കാറിനും എന്നു തലവേദനയാകുന്ന മന്ത്രി നവാബ് മാലിക്കിനെ ഇന്ന് വൈകീട്ട് മൂന്നു മണിക്കാണ് ഇഡി അറസ്റ്റ് ചെയ്തത്. നവാബ് മാലിക് നടത്തിയ വസ്തു ഇടപാടിലെ ചില രേഖകൾ ഈ അന്വേഷണത്തിൽ തെളിവുകളായി കണ്ടെത്തിയിരുന്നു.

രാവിലെ ആറുമണിയോടെ നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ ഇ.ഡി സംഘം ഏഴുമണിയോടെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മുംബൈയിലെ ഇ.ഡി ആസ്ഥാനത്തായിരുന്നു ചോദ്യംചെയ്യൽ നടന്നത്. തുടർന്ന് മൂന്നു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് ഇതേ കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്‌കറിനെ അറസ്റ്റ് ചെയ്തിരുന്നു.