ബാബുവിനെ രക്ഷപ്പെടുത്താനായി ചെലവായത് മുക്കാൽ കോടിയോളം രൂപ

 

മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനായി ചെലവ് വന്നത് മുക്കാൽ കോടിയോളം രൂപ. ദുരന്തനിവാരണ അതോറിറ്റിയുടേതാണ് പ്രാഥമിക കണക്ക്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ, വ്യോമസേനാ ഹെലികോപ്റ്റർ, കരസേനാ, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർക്ക് മാത്രം നൽകിയത് അരക്കോടി രൂപയാണ്.

തിങ്കളാഴ്ച തുടങ്ങിയ രക്ഷാപ്രവർത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസവും കഴിഞ്ഞ് ബാബു വീട്ടിലെത്തിയപ്പോഴേക്കും സംസ്ഥാന ഖജനാവിൽ നിന്ന് ചെലവായത് മുക്കാൽ കോടിയോളം രൂപയാണ്. ചില ബില്ലുകൾ ഇനിയും കിട്ടാനുണ്ടെന്നതിനാൽ തുക കൂടാനാണ് സാധ്യത. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന് മാത്രം മണിക്കൂറിന് രണ്ട് ലക്ഷം രൂപ വെച്ച് ചെലവായി

വ്യോമസേന ഹെലികോപ്റ്ററിനും മണിക്കൂറിന് ലക്ഷത്തിലേറെ തുക ചെലവായി. കരസേന അടക്കമുള്ള ദൗത്യ സംഘങ്ങൾക്ക് പതിനഞ്ച് ലക്ഷത്തിലേറെ ചെലവായി. എൻഡിആർഎഫ്, ലോക്കൽ ഗതാഗത സൗകര്യങ്ങൾ, മറ്റ് അനുബന്ധ ചെലവുകളെല്ലാം കൂടി 30 ലക്ഷത്തിലേറെയും ചെലവായി.