ആന്ധ്രയിൽ പോലീസിന്റെ കൂട്ട കഞ്ചാവ് കത്തിക്കൽ; നശിപ്പിച്ചത് 850 കോടിയുടെ ലഹരി വസ്തു

 

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പോലീസ് പിടിച്ചെടുത്ത രണ്ട് ലക്ഷത്തിലധികം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ചു. 850 കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് നശിപ്പിച്ചത്. സംസ്ഥാന പോലീസ് മേധാവി ഡി ഗൗതം സവാങിന്റെ സാന്നിധ്യത്തിലാണ് കഞ്ചാവിന് തീയിട്ടത്.

രണ്ട് വർഷത്തിനിടെ ആന്ധ്രയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പോലീസ് പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടിയിട്ട് കത്തിച്ചത്. അനകപ്പള്ളിക്ക് സമീപത്തെ കുഡരു ഗ്രാമത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു കൂട്ട കഞ്ചാവ് കത്തിക്കൽ.

ഓപ്പറേഷൻ പരിവർത്തന എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇത്രയധികം കഞ്ചാബ് ആന്ധ്രാ പോലീസ് നശിപ്പിച്ചത്. ഓപ്പറേഷന്റെ ഭാഗമായി 8500 ഏക്കറോളം കഞ്ചാവ് കൃഷിയും പോലീസ് നശിപ്പിച്ചിരുന്നു. പരിവർത്തനയുടെ ഭാഗമായി 1363 കേസുകൾ രജിസ്റ്റർ ചെയ്തു. 1500ലധികം പേരെ അറസ്റ്റ് ചെയ്തു.