🔳കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും നാട്ടിലെത്തിയ ശേഷമുള്ള ഏഴു ദിവസം ക്വാറന്റീനും ആവശ്യമില്ല. 82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമുണ്ട്. എന്നാല്‍ യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇളവുകള്‍ പുറത്തുവിട്ടത്.
🔳ഇടതുമുന്നണിക്ക് രാഷ്ട്രീയ വ്യതിയാനം ഉണ്ടായാല്‍ തുടര്‍ന്നും തിരുത്തുമെന്ന് സിപിഐ. മുന്നണിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇതെന്നും ചൈനയുടെ സമീപനത്തില്‍ പാര്‍ട്ടിക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്നും സിപിഐയുടെ രാഷ്ട്രീയ രേഖയില്‍ പറയുന്നു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളിലെ റിപ്പോര്‍ട്ടിങ്ങിനായി തയ്യാറാക്കിയ രേഖയില്‍ കെ റെയില്‍ പദ്ധതിയെ സിപിഐ പിന്തുണക്കുകയും ചെയ്യുന്നുണ്ട്.
🔳മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രി ന്യായികരിക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി രംഗത്ത്. സര്‍ക്കാരിനെ വെള്ളപൂശിയ ശിവശങ്കറിനെ മുഖ്യമന്ത്രി അന്ധമായി ന്യായീകരിക്കുന്നതു കണ്ടപ്പോള്‍ കേരളം ലജ്ജിച്ചു മൂക്കത്തുവിരല്‍വച്ചെന്ന് സുധാകരന് അഭിപ്രായപ്പെട്ടു. നീതിന്യായ സംവിധാനങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നു മോദിക്കുപോലും പിണറായില്‍ നിന്നു പഠിക്കേണ്ടി വരുമെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
🔳സ്വപ്നാ സുരേഷിന് സ്പെയ്സ് പാര്‍ക്കിലെ ജോലിയില്‍ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. സ്വപ്നയുടെ ശമ്പളം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടര്‍ കൂപ്പറിന് സര്‍ക്കാര്‍ കത്ത് നല്കി. ധനകാര്യ വകുപ്പിന്റെ ശുപാര്‍ശയില്‍ ഒരു വര്‍ഷമായി ഐടി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതേ ഐടി വകുപ്പാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയത്.
🔳ഉത്തര്‍പ്രദേശ് കേരളം പോലെയാകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുതെന്ന് രാഹുല്‍. കശ്മീര്‍ മുതല്‍ കേരളം വരെയും പശ്ചിമ ബംഗാള്‍ മുതല്‍ ഗുജറാത്ത് വരെ വൈവിധ്യങ്ങളുടെ മനോഹാരിതയാണ് ഇന്ത്യയെ മഹത്തരമാക്കുന്നതെന്നും വയനാട് എം പി കൂടിയായ രാഹുല്‍ ട്വീറ്റിലൂടെ പറഞ്ഞു.
🔳ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്ക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണെന്നു സതീശന് ട്വിറ്ററില്‍ കുറിച്ചപ്പോള്‍ കേരളവും ബംഗാളും കശ്മീരുമാകാന് യുപിക്ക് ഭാഗ്യം ലഭിക്കട്ടെ എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
🔳സൂക്ഷിച്ച് വോട്ടുചെയ്തില്ലെങ്കില്‍ യുപി, കേരളം പോലെയാകുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. യുപി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തിന് ജയിലില്‍ പോയിട്ടില്ലെന്നും അഞ്ച് വര്‍ഷത്തിനിടെ യുപിയില്‍ വര്‍ഗീയ ലഹള ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ കൊല നടന്നിട്ടില്ലെന്നും കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
🔳യോഗിക്കെതിരെ വീണ്ടും പിണറായി. കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണെന്നും അതുകൊണ്ട് കേരളത്തിനെതിരെ ദുഷ്പ്രചാരണം നടത്തുക എന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്നും അതിന്റെ തികട്ടലാണ് യോഗിയുടെ പരാമര്‍ശത്തിലൂടെ പുറത്തുവരുന്നത് എന്നും പിണറായി പറഞ്ഞു. പുരോഗതി അളക്കുന്ന ഏത് മാനദണ്ഡത്തിലും കേരളം മുന്നിലാണ്. എന്നിട്ടും ഉത്തര്‍ പ്രദേശ് കേരളം പോലെ ആകരുതെന്ന് യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നത് ആശ്ചര്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
🔳മലമ്പുഴ ചെറാട് മലയില്‍നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബാബുവിനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
🔳വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവ് ചാടിയ പോക്സോ കേസ് പ്രതി പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ചികിത്സക്കിടെ രക്ഷപ്പെട്ട യു പി സ്വദേശി ഫായിസിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്. വെളപ്പായയില്‍ നിന്നാണ് പ്രതിയെ പിടിച്ചത്.
🔳വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
🔳താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ തട്ടി മതിലില്‍ ഇടിച്ച് നാല് വയസ്സുകാരന് മരിച്ചു. വയനാട് നടവയല്‍ നെയ്ക്കുപ്പ കാഞ്ഞിരത്തിന്‍കുന്നേല്‍ ഷിബു മാത്യുവിന്റെ മകന് സാവിയോ ഷിബു (4) ആണ് മരിച്ചത്.
🔳വടക്കാഞ്ചേരിയില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സിഎസ് ഔസേപ്പിനെയാണ് അന്വേഷണ വിധേയമായി കെഎസ്ആര്‍ടിസി സിഎംഡി സസ്പെന്‍ഡ് ചെയ്തത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് സസ്പെന്ഷന് നടപടി.
🔳കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തല്ക്കാലം മതാചാരവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കര്‍ണാടകയിലെ സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറക്കും. ഒമ്പത്, പത്ത് ക്ലാസുകളിലെ അധ്യയനമാകും തിങ്കളാഴ്ച തുടങ്ങുക.
🔳ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ അറുപത്തിയെട്ട് ശതമാനത്തോളം പോളിംഗ്. ജാട്ട് ഭൂരിപക്ഷമേഖലയിലെ ഭേദപ്പെട്ട പോളിംഗില്‍ ബിജെപിയും പ്രതിപക്ഷ കക്ഷികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
🔳കുടുംബാധിപത്യം രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും അപകടകരമാണെന്ന ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെയും പ്രധാനമന്ത്രി മോദിയുടെയും വിമര്‍ശനത്തിന് മറുപടിയുമായ് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കുടുംബമുണ്ടാകുക കുടുംബസ്ഥനാവുക എന്നതില്‍ അഭിമാനിക്കുന്ന ആളാണെന്നും കുടുംബത്തെ ഉപേക്ഷിച്ച് എവിടേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
🔳കര്‍ഷകസമരത്തിനിടെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കേന്ദ്രമന്ത്രിയുടെ പുത്രനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം. യുപി ആദ്യഘട്ട തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ തന്നെയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതെന്നതാണ് ശ്രദ്ധേയം.
🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്ക് വാടക കുടിശിക. പത്ത് വര്‍ഷമായി എഐസിസി ആസ്ഥാനത്തിന്റെ വാടകയും കുടിശികയാണ്. സോണിയ ഗാന്ധിയുടെ വസതിക്ക് വെറും നാലായിരത്തി അറൂനൂറ്റി പത്ത് രൂപയാണ് കുടിശികയായതെങ്കില് എഐസിസി ആസ്ഥാനത്തിന്റെ കുടിശിക പന്ത്രണ്ട് ലക്ഷത്തി അറുപത്തിയൊന്‍പതിനായിരത്തി തൊള്ളായിരത്തി രണ്ട് രൂപയാണ്. 17 മാസമായി ജന്‍പഥിലെ ഔദ്യോഗിക വസതിയുടെയും 2012 ഡിസംബറിന് ശേഷം എഐസിസി ആസ്ഥാനത്തിന്റെ വാടകയും നല്‍കിയിട്ടില്ല. അതേസമയം അഴിമതി നടത്താന്‍ അവസരം കിട്ടാത്തതിനാല്‍ സോണിയയുടെ കൈയില്‍ പണം കാണില്ലെന്ന പരിഹാസവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
🔳ഗുജറാത്തിലെ കച്ചിയില്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് പതിനൊന്ന് പാകിസ്താന് ബോട്ടുകള്‍ പിടികൂടി. ചതുപ്പ് നിലങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികള്‍ എന്ന് കരുതപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ബിഎസ്എഫിന്റെ തിരച്ചില്‍ തുടരുകയാണ്.
🔳ചൈനയില്‍ എംബിബിഎസ് പ്രവേശനത്തിന് ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദേശീയ മെഡിക്കല്‍ കമ്മീഷന്. പ്രവേശനത്തിന് അപേക്ഷിക്കും മുന്‍പ് കൃത്യമായി അന്വേഷിക്കണമെന്ന് മെഡിക്കല്‍ കമ്മീഷന് അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് ചൈനയില്‍ യാത്ര നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണെന്നും ഇന്ത്യയില്‍ നിന്നും പോയ പല വിദ്യാര്‍ത്ഥികള്‍ക്കും മടങ്ങി വരാന്‍ കഴിയാതെ വന്നുവെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമുണ്ടാവില്ലെന്നും മെഡിക്കല്‍ കമ്മീഷന്റെ മുന്നറിയിപ്പിലുണ്ട്.
🔳ഐഎസ്എല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ് സിയ്ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജംഷ്ഡ്പൂര്‍ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്.
🔳വെസ്റ്റ ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമ്പൂര്‍ണ ജയം തേടിയാണ് ഇറങ്ങുന്നതെങ്കില്‍ ആശ്വാസജയം ലക്ഷ്യമിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്.
🔳ഏറ്റവും പുതിയ ഫിഫ റാങ്കിംഗില്‍ ബല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബ്രസീലും ഫ്രാന്‍സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. യൂറോ കപ്പിലെ റണ്ണറപ്പുകളായ ഇംഗ്ലണ്ടിനെ മറികടന്ന് കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീന നാലാം സ്ഥാനത്തെത്തിയതാണ് ആദ്യ പത്തിലെ പ്രധാന മാറ്റം.
🔳കേരളത്തില്‍ ഇന്നലെ 82,575 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഇന്നലെ 20 മരണങ്ങള് സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 321 മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 61,134 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 43,286 പേര് രോഗമുക്തി നേടി. ഇതോടെ 2,32,980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972, കണ്ണൂര്‍ 950, പാലക്കാട് 858, വയനാട് 638, കാസര്‍ഗോഡ് 227.
🔳രാജ്യത്ത് ഇന്നലെ 53,989 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 6,248, കര്‍ണാടക- 5,019, തമിഴ്നാട്- 3,592.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിയഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ രണ്ട് ലക്ഷത്തിനടുത്ത്. ബ്രസീല്‍ – 1,59,347, ഫ്രാന്‍സ് – 1,53,025, റഷ്യ- 1,97,076, തുര്‍ക്കി – 98,602, ഇറ്റലി- 75,861, ജര്‍മനി – 2,47,128, ജപ്പാന് – 97,946. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 40.59 കോടിപേര്‍ക്ക്. നിലവില്‍ 7.44 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 9,518 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,609, ഇന്ത്യ – 659, ബ്രസീല്‍ – 828, റഷ്യ- 701. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.05 ലക്ഷമായി.
🔳കോവിഡ് വാക്സിന് നിര്‍മ്മാതാക്കളായ ആസ്ട്രാസെനേക്കയുടെ വരുമാനത്തില്‍ കുതിപ്പ്. കഴിഞ്ഞവര്‍ഷം വരുമാനത്തില്‍ 38 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 3740 കോടി ഡോളറായാണ് ഉയര്‍ന്നത്. കോവിഡ് വാക്സിന് വില്‍പ്പനയില്‍ നിന്ന് ലാഭം കിട്ടി തുടങ്ങിയതോടെയാണ് വരുമാനം വര്‍ധിച്ചത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ചാണ് ആസ്ട്രാ സെനേക്ക കോവിഡ് വാക്സിന് വികസിപ്പിച്ചത്. ആംഗ്ലോ- സ്വീഡിഷ് മരുന്ന് നിര്‍മ്മാണ കമ്പനിയാണ് ആസ്ട്രാ സെനേക്ക. വാക്സിന് വികസിപ്പിച്ച് മാസങ്ങള്‍ക്കകം 400 കോടി ഡോളറിന്റെ വില്‍പ്പനയാണ് നടന്നത്.
🔳ഇ-റുപ്പി ഡിജിറ്റല്‍ പണമിടപാടിന്റെ പരിധി 10,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. ഇ-റുപ്പി വൗച്ചര്‍ ഒന്നിലധികം തവണ ഉപയോഗിക്കാനും ഇനി അവസരം ലഭിക്കും. ബാങ്ക് അക്കൗണ്ടോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഇ-റുപ്പി. സ്മാര്‍ട്ട് ഫോണിന്റെ ആവശ്യവുമില്ല. ഫീച്ചര്‍ ഫോണുള്ളവര്‍ക്കും ഇ-റുപ്പുയുടെ സൗകര്യം പ്രയോജനപ്പെടുത്താം. ക്യൂ ആര് കോഡ് അല്ലെങ്കില്‍ എസ്എംഎസ് ആയി ലഭിക്കുന്ന കോഡ് ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യമാണ് ഉപഭോക്താവിന് ലഭിക്കുക. തുക പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതുവരെ എത്രതവണവേണമെങ്കിലും ഇനി ഈ വൗച്ചര്‍ ഉപയോഗിക്കാനും കഴിയും.
🔳ഇന്ത്യയിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പരയാണ് ‘ശക്തിമാന്’. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ‘ശക്തിമാനി’ല്‍ മുകേഷ് ഖന്നയായിരുന്നു നായകന്. മുകേഷ് ഖന്ന ഇന്നും അറിയപ്പെടുന്നതും ആ കഥാപാത്രത്തിന്റെ പേരില്‍ തന്നെ. ‘ശക്തിമാന്’ ബിഗ് സ്ക്രീനിലേക്ക് എത്തുന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. സോണി പിക്ചേഴ്സ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ശക്തിമാന് ബിഗ് സ്ക്രീനേലക്ക് എത്തിക്കാന്‍ ബ്ര്യൂവിംഗ് തോട്സ് പ്രൈവറ്റ് ലിമിറ്റഡും ഭീഷ്ം ഇന്റര്‍നാഷണലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സോണി ഇന്റര്‍നാഷണല്‍ അറിയിച്ചിരിക്കുന്നത്.
🔳ബോളിവുഡില്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും വിശ്വാസത്തോടെ പണം നിക്ഷേപിക്കാവുന്ന നായക നടന്മാരുടെ പട്ടികയില്‍ അക്ഷയ് കുമാര്‍ ഒന്നാം സ്ഥാനത്താണ്. ഫര്‍ഹാദ് സാംജിയുടെ സംവിധാനത്തിലുള്ള ബച്ചന് പാണ്ഡേയാണ് അക്ഷയ്യുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഹോളി റിലീസ് ആയി മാര്‍ച്ച് 18ന് ചിത്രം എത്തും. ഇതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ 99 കോടിയാണ് വാങ്ങിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ‘മിഷന് സിന്‍ഡറെല്ല, ബഡെ മിയാന്‍ ഛോട്ടെ മിയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് അക്ഷയ് വാങ്ങിയിരിക്കുന്നത് 135 കോടി വീതമാണ്. ബെല്‍ബോട്ടത്തിന് 117 കോടിയും. സൂര്യവന്‍ശിക്ക് 70 കോടിയും.
🔳ഹാച്ച്ബാക്കിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ടാറ്റ മോട്ടോഴ്സ് ആള്‍ട്രോസിന്റെ ഡാര്‍ക്ക് എഡിഷന് ശ്രേണി വിപുലീകരിച്ചു. അള്‍ട്രോസ് ഡാര്‍ക്ക് എഡിഷന് ഇപ്പോള്‍ മിഡ് ലെവല്‍ എക്സ്ടി ട്രിമ്മില്‍ ലഭ്യമാണ്. ഇതിന്റെ വില 7.96 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. 7.96 ലക്ഷം രൂപ പ്രാരംഭ വിലയുള്ളഅള്‍ട്രോസ് എക്സ്ടി ഡാര്‍ക്ക് പെട്രോളിന് സാധാരണ അള്‍ട്രോസ് എക്സ്ടി പെട്രോളിനേക്കാള്‍ 46,000 രൂപ കൂടുതലാണ്.
🔳നിളയുടെ കൈവഴിയായ തൂതപ്പുഴയുടെ തീരത്തെ ചെത്തല്ലൂര്‍ ഉണ്ടായിരുന്ന അഥവാ ഉള്ള നാരായണമംഗലത്ത് മനയിലാണ് ഈ കുലത്തിലെ അടുത്ത സന്തതിയെ ലഭിക്കുന്നത്. ബ്രാഹ്മണരുടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ പൊതുവേ വൈമനസ്യമുണ്ടായിരുന്നവനായ ഈ കുട്ടിയില്‍ ഭ്രാന്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. പന്തിരുകുലത്തിലെ മറ്റംഗങ്ങളേപ്പോലെ ഒരു അവതാരപുരുഷനായാണ് നാറാണത്ത് ഭ്രാന്തനേയും കരുതിപ്പോരുന്നത്. ‘നാറാണത്തുഭ്രാന്തന്’. കെ ബി ശ്രീദേവി. നാലാം പതിപ്പ്. എച്ച്ആന്‍ഡ്സി ബുക്സ്. വില 81 രൂപ.
🔳കൊളസ്ട്രോള്‍ അമിതമാകുമ്പോള്‍ രക്തയോട്ടത്തെ അത് പ്രതികൂലമായി ബാധിക്കുകയും അതുവഴി പക്ഷാഘാതം, ഹൃദയാഘാതം എന്നിങ്ങനെയുള്ള മാരകമായ പ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്യാം. കൊളസ്ട്രോള്‍ സൂചിപ്പിക്കാന്‍ ശരീരം കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കില്ലെന്നതും ആശങ്കയുണ്ടാക്കുന്നതാണ്. എങ്കിലും ചില സൂചനകള്‍ കൊളസ്ട്രോളിലേക്ക് വിരല്‍ചൂണ്ടാറുണ്ട്. പലപ്പോഴും നമ്മളിത് നിസാരമാക്കി തള്ളിക്കളയാറാണ് പതിവ്. ഇടവിട്ട് ഓക്കാനം വരിക, തരിപ്പ്, തളര്‍ച്ച, ഉയര്‍ന്ന ബിപി ( രക്തസമ്മര്‍ദ്ദം), ശ്വാസതടസം, നെഞ്ചുവേദന എന്നിവയെല്ലാം കൊളസ്ട്രോളിന്റെ ലക്ഷണമായി വരാം. എന്നാലിവയെല്ലാം തന്നെ നിത്യജീവിതത്തില്‍ പലവിധ ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും ഭാഗമായി വരാവുന്ന ലക്ഷണങ്ങളായതിനാല്‍ തന്നെ കൊളസ്ട്രോള്‍ ആണെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. കൊളസ്ട്രോളിന്റെ ലക്ഷണമായി കണ്ണിലും ചില പ്രശ്നങ്ങള്‍ നേരിട്ടേക്കാം. വെള്ളനിറത്തിലോ മഞ്ഞനിറത്തിലോ മുകളിലെ കണ്പോളയുടെ പുറത്ത് പാടകള്‍ കാണുന്നത് കൊളസ്ട്രോളിന്റെ ലക്ഷണമാകാം. നേര്‍ത്ത രീതിയില്‍ അര്‍ധവൃത്താകൃതിയിലാണ് ഈ പാടുകള്‍ പ്രത്യക്ഷപ്പെടുക. കണ്ണ് രോഗങ്ങളുടെ ഭാഗമായും ഇത്തരത്തിലുള്ള ലക്ഷണം വന്നേക്കാം. അതിനാല്‍ തന്നെ കൊളസ്ട്രോള്‍ സ്ഥിരീകരിക്കാന്‍ പരിശോധന ആവശ്യമാണ്. ഇതിന് പുറമെ കൃഷ്ണമണിക്ക് ചുറ്റുമായി വെളുത്ത നിറത്തില്‍ നേര്‍ത്ത വളയം പ്രത്യക്ഷപ്പെടുന്നതും കൊളസ്ട്രോളിന്റെ ലക്ഷണമായി വരാറുണ്ട്. അമ്പത് വയസിന് താഴെ പ്രായമുള്ളവരാണെങ്കില്‍, ഇവരില്‍ ഈ ലക്ഷണം കാണുന്നുവെങ്കില്‍ പാരമ്പര്യമായി കൊളസ്ട്രോള്‍ ഉള്ളവരാണെന്ന് വിലയിരുത്താം.
*ശുഭദിനം*
*കവിത കണ്ണന്*
മഴ വല്ലാതെ കനത്തു. റോഡുകള്‍ തോടുകളായി. റോഡരുകിലെ കടത്തിണ്ണയില്‍ അന്തിയുറങ്ങിയിരുന്ന ഭിക്ഷക്കാരിക്ക് കിടക്കാന്‍ ഇടമില്ലാതായി. ഇത് മനസ്സിലാക്കി അടുത്തുള്ള വീട്ടിലെ ഒരു സ്ത്രീ അവരെ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി കിടക്കാന്‍ ഇടം നല്കി. പക്ഷേ, അവിടെ ചെന്നു കിടന്നതുമുതല്‍ അവര്‍ക്ക് എന്തോ വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടുതുടങ്ങി. എങ്ങും ശാന്തത, നിലവിളക്കിന്റെ അരണ്ടവെളിച്ചം, നേര്‍ത്ത സുഗന്ധം.. രാത്രി ഒരുപാട് വൈകിയിട്ടും അവര്‍ക്ക് ഉറങ്ങാന്‍ ആയില്ല. ഇതുകണ്ട് വീട്ടമ്മ കാരണമന്വേഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞാന്‍ എന്റെ ഭാണ്ഡക്കെട്ടില്‍ തലവെച്ചാണ് കാലങ്ങളായി ഉറങ്ങാറ്.. എന്റെ ഭാണ്ഡക്കെട്ട് വീടിനു വെളിയില്‍ ഉണ്ട്. അതെനിക്ക് തരുമോ… അതില്‍ കിടന്നാലെ എനിക്ക് ഉറങ്ങാന്‍ കഴിയൂ.. വീട്ടമ്മ അവര്‍ക്ക് ആ ഭാണ്ഡക്കെട്ട് എടുത്തു നല്കി. ഒരു പുഞ്ചിരിയോടെ വീട്ടമ്മ അവരെ ചേര്‍ത്ത് പിടിച്ചു. ഒരാളെ അംഗീകരിക്കണമെങ്കില്‍ ആദ്യം ഉള്‍ക്കൊള്ളേണ്ടത് അയാളുടെ കുറവുകളെയാണ്. പരസ്പരം കണ്ടെത്തിയ നന്മകളുടെ സമാനതകളാണ് പല ബന്ധങ്ങളുടേയും ആരംഭം. പോരായ്മകള്‍ മറച്ചുപിടിച്ചാണ് ആ ബന്ധങ്ങളെല്ലാം ആരംഭിക്കുക. പക്ഷേ, ഒരാള്‍ക്ക് ഒരുപാട് കാലം അവരുടെ പോരായ്മകള്‍ മറച്ചുപിടിക്കാന്‍ കഴിയില്ല. എപ്പോഴെങ്കിലും അവ മറനീക്കി പുറത്തുവരിക തന്നെ ചെയ്യും. ആ പോരായ്മകളെ കൂടി സ്വീകരിക്കുമ്പോഴാണ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുന്നത്. ഒരാളെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ആദ്യമറിയേണ്ടത് അയാളുടെ ഹൃദയമിടിപ്പാണ്.. എത്ര സമചിത്തതയോടെ പെരുമാറിയാലും ആരുമറിയാതെ ഉള്ളില്‍ കനലെരിയുന്നുണ്ടാകും. കടലിരമ്പുന്നുണ്ടാകും. മറ്റൊരാളിലേക്ക് തന്റെ ദൈന്യതപകരാന് ഇഷ്ടമില്ലാത്തവരാണ് ഭൂരിഭാഗം പേരും. എല്ലാവരും കേള്‍ക്കുന്ന നിലവിളിയേക്കാള്‍ ഭയാനകമാണ് ആരും കേള്‍ക്കാതെയുള്ള ഏങ്ങലടികള്‍.. അത് തിരിച്ചറിയണമെങ്കില്‍ അവരുടെ മൗനം മനസ്സിലാക്കണം. അവര്‍ പറയാന്‍ മടിക്കുന്നതെന്തെന്ന് അറിയണം, അവര്‍ കാണാന്‍ ആഗ്രഹിക്കുന്നതു കണ്ടെത്തണം. നമുക്ക് അവരെ കൂടി കൂടെക്കൂട്ടാം.. അവരുടെ കുറവുകളേയും