ഐപിഎൽ താരലേലത്തിന്റെ അന്തിമ പട്ടികയിൽ 590 താരങ്ങൾ; ശ്രീശാന്തും ഇടം നേടി

 

ഐപിഎൽ 2022 താരലേലത്തിന്റെ അന്തിമ പട്ടിക പുറത്ത്. 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ പ്രസിദ്ധീകരിച്ചത്. മലയാളി താരം എസ് ശ്രീശാന്ത് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി 12, 13 തീയതികളിൽ ബംഗളൂരുവിലാണ് ലേലം നടക്കുന്നത്

590 പേരിൽ 228 പേർ ക്യാപ്ഡ് കളിക്കാരും 355 പേർ അൺ ക്യാപ്ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 370 പേർ ഇന്ത്യയിൽ നിന്നും 220 പേർ വിദേശ താരങ്ങളുമാണ്.

ഏറ്റവുമുയർന്ന അടിസ്ഥാനവിലയായ രണ്ട് കോടിയിൽ 48 താരങ്ങളുണ്ട്. ഒന്നര കോടിയിൽ 20 താരങ്ങളും ഒരു കോടിയിൽ 34 താരങ്ങളുമുണ്ട്.. ചെന്നൈ സൂപ്പർ കിംഗ്‌സിന് ലേലത്തിൽ 48 കോടി ചെലവഴിക്കാം. ഡൽഹിക്ക് 47.5 കോടിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 48 കോടിയും ലക്‌നൗ സൂപ്പർ ജയന്റ്‌സിന് 59 കോടിയും ചെലവഴിക്കാം

48 കോടിയാണ് മുംബൈക്ക് ചെലവഴിക്കാവുന്ന പരിധി. പഞ്ചാബ് കിംഗ്‌സിന് 72 കോടിയും രാജസ്ഥാൻ റോയൽസിന് 62 കോടിയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 57 കോടിയും ഹൈദരാബാദിന് 68 കോടിയും അഹമ്മദാബാദ് ടീമിന് 52 കോടിയും ചെലവഴിക്കാം.