അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. ദിലീപിന്റെ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റിന് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു. ദിലീപ് ഹാജരാക്കിയ ആറ് ഫോണുകളിൽ അഞ്ചെണ്ണം അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.
പ്രധാനപ്പെട്ടതെന്ന് പ്രോസിക്യൂഷൻ പറഞ്ഞ ആറാമത്തെ ഫോൺ ദിലീപ് സമർപ്പിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഏഴ് ഫോണുകളാണ് ആവശ്യപ്പെട്ടത്. എന്നാൽ ദിലീപ് ഹാജരാക്കിയത് ആറ് ഫോണുകൾ മാത്രമാണ്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് ആരോപണം ഉയരുന്നതായി കോടതിയും പറഞ്ഞു. ഇതിനിയും തുടരാനാകില്ല. മറ്റ് പ്രതികളും സമാനമായ ആവശ്യങ്ങളുന്നയിക്കും. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ജാമ്യം നൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റിയത്.