ജാമ്യം റദ്ദാക്കേണ്ടി വരുമെന്ന് കോടതിയുടെ മുന്നറിയിപ്പ്; അന്വേഷണവുമായി സഹകരിക്കാമെന്ന് ദിലീപ്

 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ അസ്വസ്ഥപ്പെടുത്തുന്ന ചില തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയവയിൽ ഉണ്ടെന്ന് ഹൈക്കോടതി. തെളിവുകൾ പരിശോധിച്ചാൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്ന് സൂചനയുണ്ടെന്നും കോടതി വ്യക്തമാക്കി. ഗുരുതര സ്വഭാവമുള്ള തെളിവുകളുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്

അന്വേഷണം തടയാനാകില്ല. അന്വേഷണം സുഗമമായി മുന്നോട്ടുപോകേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. ജാമ്യം റദ്ദാക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണവുമായി മുന്നോട്ടുപോയിട്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതികൾ വലിയ സ്വാധീനമുള്ളവരാണ്. ഓരോ സാക്ഷികളെയും സ്വാധീനിക്കാൻ പ്രതിഭാഗം ഓടുകയാണ്. വിചാരണ കോടതിയിൽ വാദിക്കാൻ പോലും പ്രതിഭാഗം അനുവദിക്കാത്ത സ്ഥിതിയുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

കോടതിയിൽ നിന്ന് എതിരായി പരാമർശം വന്നതോടെ അന്വേഷണവുമായി പൂർണമായി സഹകരിക്കാമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകരുടെ മറുപടി. ദിവസവും അഞ്ചോ ആറോ മണിക്കൂർ ചോദ്യം ചെയ്യലിനായി ഹാജരാകാം. രാവിലെ എട്ട് മണിക്ക് എത്തി വൈകുന്നേരം ആറ് മണി വരെ അന്വേഷണവുമായി സഹകരിക്കാം. മുൻകൂർ ജാമ്യം നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.